കാമുകിയുടെ വീട്ടിൽ നിന്നും കയ്യോടെ പിടികൂടി; നാണക്കേട് ഭയന്ന് രാജസ്ഥാനില്‍ നിന്ന് 19 കാരന്‍ ഒളിച്ചോടിയത് പാകിസ്ഥാനിലേക്ക്‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, January 24, 2021

കാമുകിയുടെ വീട്ടിൽ നിന്നും കയ്യോടെ പിടികൂടിയ നാണക്കേടിൽ യുവാവ് ഒളിച്ചോടിയത് പാകിസ്ഥാനിലേക്ക്. രാജസ്ഥാനിലെ ബാർമറിൽ നിന്നും കാണാതായ ഗെംറ റാം മേഖ്വാൾ എന്ന 19കാരനെ പാകിസ്ഥാനിൽ കണ്ടെത്തിയെന്ന വിവരം ബോര്‍ഡർ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരാണ് അറിയിച്ചത്. യുവാവ് പൊലീസ് കസ്റ്റഡിയിലുണ്ടെന്ന വിവരം പാക് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നു കിടക്കുന്ന കുംഹാരോ ക ടിബ്ബ സ്വദേശിയാണ് മേഖ്വാൾ. ഇയാൾ ജോധ്പുരില്‍ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. നാട്ടിൽ ഇയാൾക്കൊരു കാമുകിയുണ്ടായിരുന്നു. ഇവരെ കാണാൻ ഇടയ്ക്കിടെ വീട്ടിൽ എത്താറുമുണ്ടായിരുന്നു.

എന്നാല്‍ ഒരുദിവസം ഇത്തരത്തിൽ രഹസ്യസമാഗമത്തിനെത്തിയപ്പോൾ കാമുകിയുടെ മാതാപിതാക്കൾ കയ്യോടെ പിടികൂടി. ഇതോടെ നാണക്കേട് ഭയന്ന് ഒളിച്ചോടുകയായിരുന്നു. പാകിസ്ഥാൻ അതിര്‍ത്തി എങ്ങനെയോ കടന്ന യുവാവിനെ പാക് റേഞ്ചേർസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയായിരുന്നു.

യുവാവിനെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ നവംബര്‍ പതിനാറിനാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചിട്ടും പ്രത്യേകിച്ച് സൂചനകൾ ലഭിച്ചിരുന്നില്ല.

അന്വേഷണം പുരോഗമിക്കവെ നവംബർ അഞ്ചിന് മേഖ്വാൾ ജോധ്പുരിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയതായി വ്യക്തമായി. സ്വന്തം വീട്ടിലേക്ക് പോകുന്നതിന് പകരം ഇയാൾ കാമുകിയുടെ വീട്ടിലേക്കാണ് പോയതെന്നും. അവിടെ വച്ച് അവരുടെ വീട്ടുകാര്‍ കണ്ടതോടെ പരിഭ്രാന്തനായ യുവാവ് അതിർത്തി കടക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

×