ബിഹാറില്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ മറവിൽ വൻതോതിൽ കള്ളപ്പണം ഒഴുകി, 279 തെരഞ്ഞെടുപ്പ് ബോണ്ടുകൾ ഒരു കോടിക്ക് മുകളിൽ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, November 21, 2020

ഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ മറവിൽ വൻതോതിൽ കള്ളപ്പണം ഒഴുകിയതായി റിപ്പോർട്ട്. ഒക്ടോബർ 19 മുതൽ 28 വരെ നടന്ന തെരഞ്ഞെടുപ്പ് ബോണ്ട് വില്പനാ ജാലകത്തിൽ 279 ബോണ്ടുകൾ ഒരു കോടി രൂപയ്ക്കു് മുകളിലുള്ളതാണെന്ന് വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിൽ എസ്ബിഐ വ്യക്തമാക്കി. ഒരുകോടിക്ക് മുകളിൽ മൂല്യമുള്ള 130 എണ്ണം മുംബൈ ബ്രാഞ്ചിൽ നിന്നാണ് വില്പന നടത്തിയിട്ടുള്ളത്.

ബിഹാർ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസിന് ചുമതല നൽകിയതും മുംബൈയിലെ തെരഞ്ഞെടുപ്പ് ബോണ്ടിന്റെ വർധിച്ച വില്പനയും തമ്മിൽ ബന്ധമുണ്ടെന്ന സംശയം ഉയർന്നിട്ടുണ്ട്.

മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കമ്മോദാർ ലോകേഷ് കെ ബത്ര തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ തുക സംബന്ധിച്ചും വില്പന നടത്തിയ ബ്രാഞ്ച് സംബന്ധിച്ചുമുള്ള വിവരങ്ങളാണ് എസ്‌ബിഐയിൽ നിന്നും ആരാഞ്ഞത്. ആകെ 282.29 കോടി രൂപയ്ക്കാണ് ബോണ്ടുകൾ വിറ്റഴിച്ചത്.

ഒരുകോടി മൂല്യമുള്ള 60 ബോണ്ടുകൾ ചെന്നൈ ബ്രാഞ്ചിൽ നിന്നും വില്പന നടത്തി. കൊൽക്കത്ത‑35, ഹൈദരാബാദ്-20, ഭുവനേശ്വർ-17, ന്യൂഡൽഹി-11 എന്നിങ്ങനെയാണ് വില്പന. പത്തുലക്ഷം രൂപ മൂല്യമുള്ള 32 ബോണ്ടുകളും വിറ്റിട്ടുണ്ട്.

കൊൽക്കത്ത(10), ന്യൂഡൽഹി(9), പട്ന(8), ഗാന്ധിനഗർ(5) എന്നിങ്ങനെയാണ് ഇതിന്റെ കണക്കുകൾ. കൂടാതെ ന്യൂഡൽഹി ബ്രാഞ്ചിൽ നിന്നും ഒരു ലക്ഷത്തിന്റെ ഒമ്പത് ബോണ്ടുകളും ആയിരം രൂപയുടെ ഒരു ബോണ്ടും വില്പന നടത്തിയിട്ടുണ്ട്.

×