ന്യൂഡല്‍ഹി: കോവിഡ് 19 രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ജനങ്ങള്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ എട്ട് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
രാജ്യത്ത് പൊതുവില്‍ ടിപിആര്‍ കുറയുന്നുണ്ട്. എന്നാല്‍ കേരളം, ഗോവ, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ടിപിആര്‍ 10ന് മുകളിലാണെന്നത് ആശങ്കയ്ക്ക് ഇടനല്‍കുന്നതാണ്.
കേരളം, ഗോവ, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് 19 സാഹചര്യവും വാക്‌സിനേഷന്‍ വാക്‌സിനേഷന്‍ സംബന്ധിച്ച സ്ഥിതിയും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍, ചീഫ് സെക്രട്ടറിമാര്‍, ഡിജിപിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, കോവിഡ് പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കാനും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടതായി കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
ജൂലൈ 31ന് മുൻപ് ഉടനടി നടപ്പാക്കേണ്ട കോവിഡ് നിയന്ത്രണ നടപടികളെപ്പറ്റി ഉത്തരവ് പുറപ്പെടുവിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. കേസുകൾ കുറഞ്ഞാലും പ്രതിരോധ പ്രവർത്തനങ്ങൾ തുടരേണ്ടത് അത്യാവശ്യമാണെന്നു സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അറിയിച്ചിട്ടുണ്ട്.
ഡൽഹിയിലെ വിവിധ മാർക്കറ്റുകളിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെപ്പറ്റി ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ, സ്റ്റാൻഡിങ് കോൺസൽ അനിൽ സോണി മുഖേന കേന്ദ്രം സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.