ഇരവിപുരത്ത് ഇക്കുറി അസീസ് ഇല്ല ! ബാബു ദിവാകരന്‍ ആർഎസ്‌പി സ്ഥാനാര്‍ഥി. കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍. ഉല്ലാസിനിത് രണ്ടാം പോരാട്ടം. ചവറയില്‍ ഷിബു ബേബി ജോണ്‍ തന്നെ. ആറ്റിങ്ങലിലും കയ്പമംഗലത്തും സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം. മാര്‍ച്ച് 10ന് ആർഎസ്‌പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, March 1, 2021

കൊല്ലം: ആര്‍എസ്പി മത്സരിക്കുന്ന അഞ്ച് സീറ്റുകളില്‍ മൂന്നിടത്തെ സ്ഥാനാര്‍ഥികളില്‍ ധാരണയായി. ഇരവിപുരത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എഎ അസീസിന് പകരം മുന്‍ മന്ത്രി ബാബു ദിവാകരന്‍ മത്സരിക്കും.

ഇനി മത്സരിക്കാനില്ലെന്ന് ഇന്ന് ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ അസീസ് വ്യക്തമാക്കിയതോടെയാണ് ബാബു ദിവാകരന്റെ പേര് തീരുമാനമായത്. അസീസ് തന്നെയാണ് ബാബു ദിവാകരന്റെ പേര് മണ്ഡലം കമ്മിറ്റി യോഗത്തില്‍ നിര്‍ദേശിച്ചത്. യോഗം അത് ഐകകണ്ഠ്യേന അംഗീകരിച്ചു.

ചവറയില്‍ ഷിബു ബേബി ജോണും കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും തന്നെ വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച ആറ്റിങ്ങല്‍, കയ്പമംഗലം സീറ്റുകളില്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമേ സ്ഥാനാര്‍ഥികളെ നിശ്ചയിക്കൂ. ഈ രണ്ടു സീറ്റുകളും മാറ്റി നല്‍കണമെന്ന് ആര്‍എസ്പി ആവശ്യപ്പെട്ടിരുന്നു.

ഇതില്‍ കയ്പമംഗലം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. ഇവിടെ മുന്‍ ജില്ലാ പഞ്ചായത്തംഗമായ ശോഭ സുബിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. അടുത്ത ദിവസം ആർഎസ്‌പിയുമായി കോണ്‍ഗ്രസ് വീണ്ടും ചര്‍ച്ച നടത്തും. പത്തിന് ആർഎസ്‌പി സംസ്ഥാന സമിതി യോഗം ചേര്‍ന്നാകും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.

 

×