തെലങ്കാന: കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറും 10 മന്ത്രിമാരും ഹൈദരാബാദിൽ. എക്‌സിറ്റ് പോളുകൾ തെലങ്കാനയിൽ പാർട്ടിക്ക് വ്യക്തമായ വിജയം പ്രവചിച്ചിരുന്നു. തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഹൈദരബാദിലെ താജ് കൃഷ്ണ ഹോട്ടലിന് പുറത്ത് കാണപ്പെടുന്ന ബസുകൾ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടിയാണെന്നാണ് അഭ്യൂഹങ്ങൾ പുറത്തുവരുന്നത്. എംഎൽഎമാരിലും തെലങ്കാനയിലെ കോൺഗ്രസിന്റെ വിജയത്തിലും തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് ഡികെ ശിവകുമാർ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ എംഎൽഎമാരെ രക്ഷിക്കാൻ റിസോർട്ട് രാഷ്ട്രീയം തുടങ്ങിയിട്ടുണ്ടെന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിജെപിയും കോൺഗ്രസും സജീവമായി തങ്ങളുടെ സ്ഥാനാർത്ഥികളെ മാറ്റുന്ന തിരക്കിലാണ്.
രാജസ്ഥാനോ തെലങ്കാനയോ മറ്റു സംസ്ഥാനങ്ങൾ ഏതിലും സ്ഥാനാർത്ഥികളെ സുരക്ഷിതമാക്കാനുള്ള നീക്കങ്ങൾക്കാണ് രാഷ്ട്രീയ പാർട്ടികൾ മുൻഗണന നൽകുന്നത്. ഇതിനായി ഇതര സംസ്ഥാനങ്ങളിലുള്ള പാർട്ടിയുടെ പ്രവർത്തകരും നേതാക്കളും സജീവമായി രംഗത്തുണ്ട്.