/sathyam/media/media_files/JefNmS2JWgqHLyQttoCb.jpg)
ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പുറത്തുവന്നതിന് പിന്നാലെ ഭരണമുറപ്പിച്ച് ബിജെപി. രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബുധ്നി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിക്രം ശര്‍മ്മയെക്കാള്‍ 14,000 വോട്ടുകള്‍ക്ക് മുന്നിലാണ്.
ചിന്ദ്വാരയില്‍ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് ബിജെപിയുടെ വിവേക് സാഹുവിനെക്കാള്‍ മുന്നിലാണ്. നവംബര്‍ 17നാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്നത്.
മധ്യപ്രദേശില്‍ 77.82 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2018ലെ വോട്ടിംഗ് ശതമാനമായ 75.63 ശതമാനത്തെക്കാള്‍ കൂടുതലായിരുന്നു ഇത്. മധ്യപ്രദേശില്‍ 230 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം.
മധ്യപ്രദേശില്‍ ബിജിപി ലീഡ് ചെയ്യുന്നതിനിടയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഭാരതീയ ജനതാ പാര്‍ട്ടിയുടെ 'ഇരട്ട എഞ്ചിന്‍' സര്‍ക്കാരെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അതിനിടെ, ഭോപ്പാലിലെ ബിജെപി ഓഫീസില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് വിജയാഘോഷത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍.
സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ കമല്‍നാഥ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ജനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം പ്രകടിപ്പിച്ചിരുന്നു.
മധ്യപ്രദേശിലെ ജനങ്ങള്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.