കൊറോണ വൈറസ് വ്യാപനത്തിന് കാരണം 5 ജി മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ ടവറുകളാണെന്ന് വ്യാജ പ്രചാരണം ; യുകെയിലെ നിരവധി ടവറുകള്‍ അഗ്നിക്കിരയാക്കി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, April 5, 2020

ലണ്ടൻ: കൊറോണ വൈറസ് വ്യാപനത്തിന് കാരണം 5 ജി മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ ടവറുകളാണെന്ന് വ്യാജപ്രചാരണം. ഇതിന്റെ ഫലമായി ശനിയാഴ്ച യുകെയിലെ നിരവധി ടവറുകള്‍ അഗ്നിക്കിരയാക്കി. ഫെയ്‌സ്ബുക്ക് യുട്യൂബ് മാധ്യമങ്ങൾ വഴിയാണ് മൊബൈല്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്.

പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും ബ്രിട്ടീഷ കാബിനറ്റ് ഓഫീസര്‍ മിനിസ്റ്റര്‍ മൈക്കൾ ഗോവ് പ്രതികരിച്ചു.

5ജി കഥ ശുദ്ധ അസംബന്ധമാണെന്നായിരുന്നു ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസിന്റെ പ്രതികരണം. അത്യന്തം നികൃഷ്ടവും ഗൗരവമേറിയതുമായ വ്യാജവാര്‍ത്തയാണിത്. രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന അപകടസാഹര്യത്തിനാണ് ഈ വ്യാജ വാര്‍ത്താ പ്രചാരണം വഴിവെച്ചത്. ഇതിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ജനത ആവശ്യസര്‍വ്വീസുകളുടെ സഹായത്തിനായി മൊബൈല്‍ നെറ്റ് വര്‍ക്കുകളെ ആശ്രയിക്കുമ്പോള്‍ ഇത്തരം സാമൂഹിക വിരുദ്ധ പ്രവൃത്തി ചെയ്യുന്നത്  അന്യായമാണെന്നും പോവിസ് അഭിപ്രായപ്പെട്ടു.

×