‘അത്യപൂർവ്വ’ പദവികളുമായി പുറത്തിറങ്ങിയ 25 അംഗ ‘ചെയർമാൻ’ പട്ടികയ്ക്കു പിന്നാലെ 50 അംഗ ഭാരവാഹി പട്ടിക ഉടൻ പുറത്തിറക്കാനൊരുങ്ങി കേരള കോൺഗ്രസ് – ജോസഫ് വിഭാഗം ? പ്രഖ്യാപിച്ച പദവികൾ ഏറ്റെടുക്കാതെ ഫ്രാൻസിസ് ജോർജും കൂട്ടരും. തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മാണി ഗ്രൂപ്പിലേയ്ക്ക് മടങ്ങാനവസരം കാത്ത് പാലാ ബൈപ്പാസിലൂടെ വട്ടം കറങ്ങുന്നവരും അര ഡസനിലേറെ ! പാർട്ടി മാറാനൊരു പദവിയെന്ന ‘അപൂർവ്വ’ ആവശ്യക്കാരുടെ എണ്ണവും പെരുകുന്നു. ഭരണം നഷ്ടമായതോടെ ജോസഫ് ഗ്രൂപ്പിൽ സംഭവിക്കുന്നത് !

ന്യൂസ് ബ്യൂറോ, ഇടുക്കി
Thursday, May 13, 2021

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ രണ്ടാം ഘട്ട ജംബോ ഭാരവാഹി പട്ടിക പുറത്തിറക്കാനൊരുങ്ങി കേരള കാണ്‍ഗ്രസ് ജോസഫ് വിഭാഗം.

ചെയര്‍മാന്‍, വര്‍ക്കിംങ്ങ് ചെയര്‍മാന്‍, എക്സിക്യൂട്ടീവ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, പാര്‍ട്ടി ഉപദേശകര്‍, പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍, സെക്രട്ടറി ജനറല്‍, സീനിയര്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ 25 പട്ടികയ്ക്കു പിന്നാലെയാണ് 50 അംഗ ജനറല്‍ സെക്രട്ടറി പട്ടിക പുറത്തിറക്കാനൊരുങ്ങുന്നത്. ഇതോടെ കേരള കോണ്‍ഗ്രസിന്‍റെ ഭാരവാതിത്വ ലിസ്റ്റിന്‍റെ എണ്ണം 75 ആകും.

നേരത്തെ ചുമതല നല്‍കപ്പെട്ടവരില്‍ മുതിര്‍ന്ന നേതാക്കള്‍ പോലും തങ്ങള്‍ക്ക് പദവികള്‍ വേണ്ടെന്ന് ചെയര്‍മാന്‍ പിജെ ജോസഫിനെ അറിയിച്ചിരിക്കുകയാണ്.

ഡെപ്യൂട്ടി ചെയര്‍മാനായി നിയമിതനായ ഫ്രാന്‍സിസ് ജോര്‍ജ് താന്‍ ചുമതല ഏറ്റെടുക്കില്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു. ജോസഫ് എം പുതുശേരി, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ അതൃപ്തി അറിയിച്ചവരില്‍ ഉള്‍പ്പെടും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് വാശിപിടിച്ച് 10 സീറ്റുകള്‍ വാങ്ങി മത്സരിച്ചിട്ട് 2 സീറ്റുകളി‍ല്‍ മാത്രമാണ് ജോസഫ് വിഭാഗത്തിന് വിജയിക്കാനായത്.

ജോസ് കെ മാണി വിഭാഗം 5 എംഎല്‍എമാരും മന്ത്രിയും ക്യാബിനറ്റ് റാങ്കും ഭരണ പങ്കാളിത്തവുമായി വിലസാന്‍ തയ്യാറെടുക്കുമ്പോഴാണ് ഭരണവും നഷ്ടമായി 2 എംഎല്‍എമാരിലേക്ക് ജോസഫ് വിഭാഗം ഒതുങ്ങിയത്.

ഇതിനിടെ മുതിര്‍ന്ന നേതാക്കളില്‍ പലരും പാര്‍ട്ടി മാറാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. മാണി വിഭാഗത്തിലേയ്ക്ക് ‘പുന പ്രവേശനം’ ആവശ്യപ്പെട്ട് ജോസഫ് വിഭാഗത്തിലെ അര ഡസനിലേറെ നേതാക്കള്‍ അടുത്തിടെയായി പാലാ ബൈപ്പാസ് വഴി കറങ്ങി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ആവശ്യസമയത്ത് ഉപേക്ഷിച്ചുപോയവരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ജോസ് കെ മാണി അത്ര ആവേശം കാണിക്കുന്നില്ലത്രെ.

ഭാരവാഹി ലിസ്റ്റ് വൈകുന്നതിലും ജോസഫ് വിഭാഗത്തില്‍ പ്രതിസന്ധിയുണ്ടായിരുന്നു. നാല് പാര്‍ട്ടികളില്‍ നിന്നായി വന്നു ചേര്‍ന്നവര്‍ക്ക് പദവികള്‍ നല്‍കാന്‍ തയ്യാറാകാത്തതായിരുന്നു പ്രതിസന്ധി.

എന്നാല്‍ മുന്നണിക്ക് ഭരണം നഷ്ടമായതോടെ പലര്‍ക്കും ഭാരവാഹിത്വത്തിലും താല്‍പര്യമില്ല. തെരഞ്ഞെടുപ്പ് കാലം വരുന്നതിനു മുമ്പ് ഭാരവാഹിത്വത്തിനായി വഴക്കിട്ടവരില്‍ പലരും ഇപ്പോള്‍ ഈ ആവശ്യം ഉന്നയിക്കുന്നില്ലത്രെ. വേറെ ചിലര്‍ക്ക് പാര്‍ട്ടി മാറണമെങ്കില്‍ ഒരു ഭാരവാഹിത്വം ആവശ്യമാണത്രെ.

വേറൊരു പാര്‍ട്ടിയില്‍ ചെന്നു കയറുമ്പോള്‍ അവരോട് വിലപേശാനായി ഒരു ജനറല്‍ സെക്രട്ടറി സ്ഥാനമോ വൈസ് ചെയര്‍മാന്‍ പദവിയോ ഉണ്ടായിരുന്നെങ്കില്‍ ഉപകാരമായിരുന്നു എന്ന മട്ടിലാണ് ചിലരുടെ നില്‍പ്.

എന്തായാലും ഭരണം നഷ്ടമായതോടെ പാര്‍ട്ടി കാര്യങ്ങളില്‍ പിജെ ജോസഫിനുപോലും പഴയ ആവേശമില്ല. അച്ചാച്ചന്‍ മന്ത്രിയായിട്ട് എല്ലാ ഫയലുകളും ഒന്നു ‘നോക്കി’ വിടാം എന്നാശിച്ചിരുന്ന പുത്രനുപോലും ആവേശം നഷ്ടമായി.

മനക്കോട്ടകള്‍ തകര്‍ന്നാലും വിലപേശി വാങ്ങിയ പുതിയ വാലില്ലാത്ത കേരള കോണ്‍ഗ്രസിനെ ഒന്നു പുഷ്ടിപ്പെടുത്താന്‍ തന്നെയാണ് ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം.

×