ഡല്‍ഹിയില്‍ വാക്‌സിന്‍ സ്വീകരിച്ച 51 പേര്‍ക്ക് നേരിയ ആരോഗ്യ പ്രശ്‌നം: ആരോഗ്യപ്രശ്‌നം നേരിട്ട ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, January 17, 2021

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാക്‌സിന്‍ സ്വീകരിച്ച 51 പേര്‍ക്ക് നേരിയ ആരോഗ്യ പ്രശ്‌നം നേരിട്ടതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. കാര്യമായ ആരോഗ്യപ്രശ്‌നം നേരിട്ട ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.

വാക്‌സിന്‍ സ്വീകരിച്ച എയിംസിലെ സുരക്ഷ ജീവനക്കാരനായ 22 കാരനെയാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. അദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇദേഹത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ച്‌ ആരോഗ്യ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്ത മറ്റ് 51 പേര്‍ക്ക് ആശുപത്രി ചികിത്സ തേടേണ്ടി വന്നിട്ടില്ല.അല്‍പ നേരത്തെ നിരീക്ഷണം മാത്രമാണ് ആവശ്യമായുള്ളതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 81 കേന്ദ്രങ്ങളിലായി 4000ത്തിലേറെ ആരോഗ്യപ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്. 8117 പേര്‍ക്ക് വാക്‌സിന്‍ കുത്തിവയ്‌പ്പെടുക്കാനായിരുന്നു ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്.

×