താമരശേരി വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസ്: പുതുതായി സാക്ഷിവിസ്താരം അനുവദിക്കരുതെന്ന് പ്രതിഭാഗം

author-image
neenu thodupuzha
New Update

publive-image
കോഴിക്കോട്: താമരശേരി വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസില്‍ പുതുതായി സാക്ഷിവിസ്താരം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രതിഭാഗം. കേസുമായി സഹകരിക്കാതിരുന്ന മൂന്നു സാക്ഷികളെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കിയ സാഹചര്യത്തിലാണിത്.

Advertisment

മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കാന്‍ പ്രോസിക്യൂഷനു സമയമുണ്ടായിരുന്നെന്നും ഇനി ആരെയും അനുവദിക്കേണ്ടെന്നുമാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
കസ്തൂരിരംഗന്‍ സമരകാലത്താണ് വനംവകുപ്പ് ഓഫീസ് അക്രമിക്കപ്പെട്ടത്.

കേസിലെ നിര്‍ണായക സാക്ഷികള്‍ കൂറുമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് അഞ്ചാം സാക്ഷി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുബ്രഹ്മണ്യന്‍, എട്ടാം സാക്ഷി സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ്, ഒമ്പതാം സാക്ഷിയും അന്നത്തെ റേഞ്ച് ഓഫീസറുമായ സജു വര്‍ഗീസ് എന്നിവരെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യമുന്നയിച്ചത്.

പ്രോസിക്യൂട്ടര്‍ അഡ്വ. കെ. െറെഹാനത്ത് നല്‍കിയ അപേക്ഷയില്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ്.ആര്‍. ശ്യാംലാല്‍ 13 നാണു വിധി പറയുന്നത്. വിചാരണയ്ക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം കൂറുമാറിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ ഹാജരാകാത്തതിനാല്‍ പ്രോസിക്യൂഷനു പല സാക്ഷികളെയും ഒഴിവാക്കേണ്ടിയും വന്നു. കേസില്‍ ഒന്നുമുതല്‍ പന്ത്രണ്ടുവരെ പ്രതികളെ അറസ്റ്റ് ചെയ്ത  അന്വേഷണോദ്യോഗസ്ഥനും താമരശേരി ഡി.െവെ.എസ്.പിയുമായിരുന്ന ജെയ്സണ്‍ കെ. അബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ പ്രതികളെ തിരിച്ചറിയില്ലെന്നു കോടതിയില്‍ മൊഴി നല്‍കി.

നിര്‍ണായക വിവരങ്ങളുള്ള കേസ് ഡയറി കാണാതായതും വിവാദമായിരുന്നു. കസ്തൂരിരംഗന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിന്റെ ഭാഗമായി 2013 ല്‍ നടന്ന മലയോര ഹര്‍ത്താലിനിടെയാണ് താമരശേരി വനംവകുപ്പ് ഓഫീസ് അക്രമിച്ച് സര്‍ക്കാര്‍ വാഹനവും ഫയലുകളുമടക്കം കത്തിച്ചത്.

മലയോര മേഖലകളില്‍നിന്ന് ടിപ്പറുകളിലും ലോറികളിലുമെത്തിയ സംഘമാണ് അഴിഞ്ഞാട്ടം നടത്തിയത്. കെ.എസ്.ആര്‍.ടി.സി. ബസും മാധ്യമങ്ങളുടെ വാഹനങ്ങളും ഉള്‍പ്പെടെ തകര്‍ക്കപ്പെട്ടിരുന്നു.

Advertisment