/sathyam/media/post_attachments/koERXGcU98aYyMP6Ubdo.jpeg)
ന്യൂഡല്‍ഹി:ഓഹരി മൂല്യത്തില്‍ കൃത്രിമം കാണിച്ച ഗൗതം അദാനി വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി.
അദാനിയുടെ ബിസിനസ് സാമ്രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു.
അദാനിക്കുവേണ്ടി നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയെന്നും ഇരുവരും തമ്മില്‍ എന്താണു ബന്ധമെന്ന് അറിയാന്‍ ജനത്തിനു താല്‍പ്പര്യമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
''സോളാര്‍ എനര്‍ജി, വിന്‍ഡ് എനര്‍ജി തുടങ്ങിയ ഒരു ബിസിനസിലും അദാനിജി ഒരിക്കലും പരാജയപ്പെടാറില്ല. എങ്ങനെയാണ് അദാനി ഇത്രയധികം മേഖലകളില്‍ വിജയം നേടിയത്, പ്രധാനമന്ത്രിയുമായുള്ള ബന്ധം എന്താണ്. ഈ ചോദ്യങ്ങളാണ് എന്റെ യാത്രയില്‍ ആളുകളില്‍നിന്ന് നിരന്തരം കേട്ടിരുന്നത്''- രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയ രാജ്യങ്ങളില്‍നിന്ന് അദാനി ബിസിനസ് കരാറുകള്‍ നേടിയെടുത്തെന്നും രാഹുല്‍ ആരോപിച്ചു.
2014-നും 2022-നും ഇടയില്‍ അദാനി തന്റെ ആകെ സ്വത്ത് 800 കോടി ഡോളറില്‍നിന്ന് 14,000 കോടി ഡോളറായി എങ്ങനെയാണ് ഉയര്‍ത്തിയതെന്ന് ആളുകള്‍ എന്നോടു ചോദിച്ചു.
സമ്പന്നരുടെ പട്ടികയില്‍ 600-ാം സ്ഥാനത്തായിരുന്ന അദാനി 2014-ല്‍ ബി.ജെ.പി. അധികാരത്തിലെത്തിയപ്പോള്‍ രണ്ടാം റാങ്കിലെത്തി. ആറ് വിമാനത്താവളങ്ങളുടെ കരാറുകള്‍ അദാനി ഗ്രൂപ്പിന് ലഭിക്കാനായി ചട്ടങ്ങളില്‍ മാറ്റംവരുത്തിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം സഭയിലെ ബി.ജെ.പി. നേതാക്കളെ പ്രകോപിപ്പിച്ചു. അദാനിയും അശോക് ഗെലോട്ടുമായുള്ള ബന്ധത്തെക്കുറിച്ചു കൂടി സംസാരിക്കാന്‍ ബി.ജെ.പി. എം.പിമാര്‍ രാഹുലിനെ വെല്ലുവിളിച്ചു. ഇതിനു പിന്നാലെ, രാഹുലിന് മറുപടിയുമായി നിയമമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി.
കാടടച്ച് ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് റിജിജു ആവശ്യപ്പെട്ടു. ''നിങ്ങള്‍ ഇപ്പോള്‍ ഒരു മുതിര്‍ന്ന എംപിയാണ്. നിങ്ങള്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കണം. പാര്‍ലമെന്റില്‍ ഗൗരവമായി പെരുമാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സഭയ്ക്ക് പുറത്ത, നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും പറയാം''-റിജിജു പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us