അസ്ഥിക്കു പിടിച്ച പ്രണയമായിരുന്നു; എല്ലാം പറയാന്‍ കൂട്ടുകാരനെ ഹംസമാക്കി, ഒടുവില്‍ അവന്‍ അവളെ കെട്ടി, വര്‍ഷങ്ങളെടുത്തു അവളെ മറക്കാനും വേദന മാറാനുമെന്ന് തുറന്നു പറഞ്ഞ്  കണ്ണന്‍ സാഗര്‍

author-image
neenu thodupuzha
New Update

publive-image

കൊച്ചി: തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും പ്രണയം പറയാന്‍ ഏല്‍പ്പിച്ച കൂട്ടുകാരന്‍ തന്നെ അവളെ അടിച്ചു മാറ്റിയതിനെക്കുറിച്ചും പ്രണയ ദിനത്തില്‍ കോമഡി താരം കണ്ണന്‍ സാഗര്‍ പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്.

Advertisment

'ഞാന്‍ മനസുകൊണ്ട് ആദ്യമായി ഇഷ്ടപ്പെട്ട പെണ്ണായിരുന്നു അവള്‍. അനുസരണയില്ലാത്ത വിടര്‍ന്നു പന്തലിച്ച ചുരുണ്ടമുടിക്കാരി പുറകോട്ടു കുത്തിയ ചന്ദനനിറമുള്ള അരക്കയ്യന്‍ ബ്ലൗസും, മുട്ടോളം ഇറക്കമുള്ള പൂക്കളുള്ള അല്‍പ്പം പഴകിയ പാവാടയും, ചെരുപ്പ് ഇടാത്തകാലില്‍ അഴുക്കുപുരണ്ട വെള്ളി പാദസരം കുറേ പഴക്കം തോന്നും, ഉണ്ടകണ്ണും, നീണ്ടമൂക്കും വട്ടമുഖവും, ഭംഗിയുള്ള ചിരിയില്‍ കവിളത്തു ഞൊണ്ണകുഴിയും, അല്‍പ്പം തടിച്ച ചുണ്ടും, നെറ്റിയില്‍ ചന്ദനകുറിയും, മുല്ലമൊട്ടുപോലെ കാതില്‍ രണ്ട് മൊട്ടുകമ്മലുകളും, കഴുത്തില്‍ കറുത്ത ചെറിയ മുത്തുമാലയും ഇട്ടു കയ്യില്‍ ഒരു അരുവയും ഒരു ചാക്കുമായി വൈകുന്നേരങ്ങളില്‍ പുല്ലുചെത്താന്‍ പോകുന്ന അവളെ കാണാന്‍ തന്നെ ഞാന്‍ കാത്തിരിക്കാറുണ്ടായിരുന്നു.

അവളോട് എന്റെ ഇഷ്ടം പറയാന്‍ ശ്രമിക്കുമ്പോഴെല്ലാം ഓരോ കാരണങ്ങള്‍ കൊണ്ട് സാധിക്കുന്നില്ലായിരുന്നു. അങ്ങനെയാണ് കൂട്ടുകാരനെ ഹംസമാക്കാന്‍ തീരുമാനിച്ചത്.

ഭാവി കാര്യങ്ങളെക്കുറിച്ച്, മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചൊക്കെയും അവളോട് ഹംസം വഴി സംസാരിച്ചു. പിന്നീട് അങ്ങോട്ട് അസ്ഥിക്ക് പിടിച്ച പ്രണയമായിരുന്നു. ഊണില്ല, ഉറക്കമില്ല, മനഃസമാധാനമില്ല. ഒരു തൊഴില്‍ നേടി കുറേ പണം സമ്പാദിച്ചു ആര്‍ഭാടമായി ജീവിക്കണമെന്നൊരു മോഹം. ഞാനതും എന്റെ പ്രണയിനിയെ ഹംസം മുഖേന അറിയിച്ചു. അവളും സമ്മതം മൂളി.

ഞാന്‍ മലബാര്‍ പ്രദേശത്തേക്ക് യാത്രയായി. നേരില്‍ കത്തുകള്‍ ഇട്ടാല്‍ വീട്ടുകാര്‍ പ്രശ്നമാകുമെന്നോര്‍ത്ത് ഹംസത്തിന്റെ പേരിലാണ് കത്തുകള്‍ എഴുതിയത്. ആദ്യമൊക്കെ മറുപടി വന്നു, പിന്നീട് ഹംസവും ഒഴിവാകുന്നു എന്നു തോന്നി. രണ്ടു, മൂന്നു വര്‍ഷത്തിന് ശേഷം തൊഴിലൊക്കെ സ്വയത്തമാക്കി സ്വന്തമാക്കി ഇനി അവളെ സ്വന്തമാക്കണം വീട്ടുകാരുമായി ആലോചിക്കണം എന്ന ചിന്തയിലാണ് ഞാന്‍ നാട്ടിലേക്ക് വണ്ടി കയറിയത്.

മനസില്‍ ഒരുപാട് സങ്കല്‍പ്പങ്ങളും പറഞ്ഞു തീരാത്തത്ര പ്രണയവും ഒന്നിച്ച് ജീവിക്കാനുള്ള മോഹവും സ്വപ്നം കണ്ടു ഞാന്‍ എന്റെ ജന്മനാട്ടില്‍ രാത്രിയില്‍ വണ്ടിയിറങ്ങി. ആദ്യം തിരക്കിയത് എനിക്ക് ഇടനിലനിന്ന ഹംസത്തെയാണ്,

അവന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസമായെന്നറിഞ്ഞു. ഞാന്‍ മനസ്സില്‍ കരുതി ഇവന്‍ എന്തൊരു മനുഷ്യനാ! എന്നെ കല്യാണം വിളിച്ചില്ലല്ലോ എന്നു ചിന്തിച്ചു, എന്നാല്‍ പണ്‍കുട്ടി എവിടുത്തുകാരിയാണ് എന്ന ചോദ്യത്തിന്റെ മറുപടി എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായി.

എനിക്ക് ഹംസമായി നിന്നവന്‍ എന്റെ പ്രണയിനിയെ സ്വന്തമാക്കി, എന്നേക്കുറിച്ച് അവന്‍ കുറേ കള്ളങ്ങളോ കുറ്റങ്ങളോ, പ്രാപ്തിയില്ലാത്തവനെന്നോ ഉത്തരവാദിത്തം തീരെയില്ലാത്തവനെന്നോ, നിന്നോട് ഇഷ്ടമില്ലാത്തതിനാല്‍ മാറിപ്പോയെന്നൊക്കെ പറഞ്ഞു പടര്‍ത്തിയിരിക്കാം.

ഹൃദയം തകരുക എന്നൊക്കെ പലരും പറയും. ഞാനത് അനുഭവിച്ചവനാണ്, കേട്ടപാടെ കണ്ണില്‍ ആദ്യം ഇരുട്ടു നിറഞ്ഞു, ഹൃദയം താഴേക്കു വീഴുമ്പോലെ, ശരീരം തളരുന്നത് തൊട്ടറിഞ്ഞപോലെ ഒരു തോന്നല്‍. വര്‍ഷങ്ങളെടുത്തു അവളുടെ മുഖം മറക്കാനും മുക്തിനേടാനും. പിന്നീട് പ്രണയം മുഴുവനും കലയോടായിരുന്നു, കലാപരിപാടികളോടായിരുന്നു പത്തുപേരറിയുന്ന ഒരുവനാക്കുക എന്നതായിരുന്നു.

പ്രണയിച്ചു ഒന്നായി ജീവിക്കുക സ്വപ്നം കണ്ടിരിക്കുക അതൊരു മനഃസുഖമാണ്. എന്റെ ഭാര്യക്ക് ഈ കഥകള്‍ അറിയാം. ഞാന്‍ തന്നെയാണ് പറഞ്ഞു കൊടുത്തതും. ഒരു പൊട്ടിത്തെറിക്കും പച്ചത്തെറിക്കും വഴിയൊരുക്കുക വേണ്ടല്ലോ.

എല്ലാവര്‍ക്കും ഒരു ഫ്രീക്കന്‍ പ്രണയദിനാശംസകള്‍ കൂടി ആശംസിച്ചാണ് കണ്ണന്‍ സാഗര്‍ തന്റെ വാക്കുകള്‍ നിര്‍ത്തുന്നത്.

Advertisment