കൊല്ലം: അഞ്ചലിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് അരമണിക്കൂറോളം റോഡരികിൽകിടന്ന വയോധികൻ ചോരവാർന്ന് മരിച്ചു.
പരിക്കേറ്റ് അരമണിക്കൂറോളമാണ് വയോധികൻ റോഡരികിൽ കിടന്നത്. വഴിയാത്രക്കാരായ ആരും ഇയാളെ ആശുപത്രിയിലെത്തിക്കാൻ തയാറായില്ല. ഇതിനിടെ ഇടിച്ചിട്ടയാൾ മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടു.
അരമണിക്കൂറിന് ശേഷം അതുവഴി വന്ന പ്രദേശവാസിയായ ഷാനവാസ് എന്നയാൾ വയോധികനെ ജീപ്പിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അഞ്ചൽ തടിക്കാട് ഭാഗത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് 70 കാരനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചോരവാർന്ന് റോഡരികിൽ കിടക്കുകയായിരുന്ന വയോധികനെ ഇവർ ആശുപത്രിയിൽ എത്തിക്കാൻ ഓടിക്കൂടിയ സ്ത്രീകൾ ശ്രമിച്ചെങ്കിലും ആരും സഹായിച്ചില്ല.
വഴിയാത്രക്കാരായ പലരും കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നു. പലരും മൊബൈൽഫോണിൽ പിടിക്കാനും മാത്രമണ് ശ്രമിച്ചതെന്നും ആരും സഹായത്തിന് വന്നില്ലെന്നുമാണ് സമീപവാസിയായ സ്ത്രീ പ്രതികരിച്ചത്. രണ്ടുതവണ വിളിച്ച് പറഞ്ഞെങ്കിലും പോലീസും എത്തിയില്ല.
അരമണിക്കൂറിന് ശേഷം സമീപവാസിയായ ഷാനവാസ് അതുവഴി ജീപ്പിലെത്തി വയോധികനെയെടുത്ത് ജീപ്പിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പരിക്കേറ്റ വയോധികനെ ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവെ മരിക്കുകയായിരുന്നു.
കടന്നുകളഞ്ഞ ബൈക്ക് യാത്രക്കാരനായി പോലീസ് അന്വേഷണം ആരംഭിച്ചു.