/sathyam/media/post_attachments/h31XVgcv9RvWebS3akyd.jpg)
കോഴിക്കോട്: ഗൾഫിലെ ബന്ധുവിന്റെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിൽ താമരശ്ശേരി വെഴുപ്പൂരിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ.
മുക്കം കൊടിയത്തൂർ എള്ളങ്ങൽ വീട്ടിൽ അലി ഉബൈറാൻ (26)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
നാലുമാസംമുമ്പ് തച്ചംപൊയിൽ അവേലം പയ്യമ്പടി മുഹമ്മദ് അഷ്റഫ് വിച്ചി(55)യെ തട്ടിക്കൊണ്ടുപോയി മൂന്നു രാത്രിയും രണ്ട് പകലും ബന്ദിയാക്കി ഉപദ്രവിച്ചശേഷം വിട്ടയച്ച സംഭവത്തിലാണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി മുക്കം വലിയപറമ്പിൽ വെച്ചാണ് പോലീസ് സംഘം പിന്തുടർന്ന് പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വെഴുപ്പൂരിൽ വച്ച് സ്കൂട്ടർ തടഞ്ഞ് മുഹമ്മദ് അഷ്റഫിനെ രണ്ടു വാഹനങ്ങളിലായെത്തിയ സംഘം കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
മലപ്പുറം കാവനൂർ സ്വദേശി അബ്ദുൽ സലാമിന്റെയും അലി ഉബൈറാന്റെയും ഉടമസ്ഥതയിലുള്ള സ്വർണം കേരളത്തിലേക്ക് കടത്താൻ അനുവദിക്കാതെ മുക്കം സ്വദേശി ഗൾഫിൽ തടഞ്ഞു വച്ചിരുന്നു.
ഈ സ്വർണം വിട്ടുകിട്ടാൻ വേണ്ടിയാണ് മുക്കം സ്വദേശിയുടെ ബന്ധുവായ മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
മൂന്ന് ദിവസത്തിനുള്ളിൽ വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് മലപ്പുറം രണ്ടത്താണി മുഹമ്മദ് ജൗഹറി(33)നെയും മുക്കത്തുവച്ച് അലി ഉബൈറാന്റെ സഹോദരങ്ങളും കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുമായിരുന്ന എള്ളങ്ങൽ ഷബീബ് റഹ്മാൻ (27), മുഹമ്മദ് നാസ് (23) എന്നിവരെയും അറസ്റ്റുചെയ്തു.
ഇവരെ അറസ്റ്റ് ചെയ്തതോടെയാണ് എറണാകുളം മരടിലെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ തടങ്കലിൽ വെച്ച അഷ്റഫിനെ സംഘം വിട്ടയച്ചത്.
അലി ഉബൈറാന് പുറമേ മറ്റു പ്രതികളായ പെരുമണ്ണ പെരിങ്ങോട്ട്പറമ്പ് വീട്ടിൽ നൗഷാദ് അലി, മലപ്പുറം രണ്ടത്താണി മാറാക്കര തിരുനിലത്തു വീട്ടിൽ സാബിത്, രണ്ടത്താണി നരിക്കൽവില സാബിത്, രണ്ടത്താണി കുന്നേക്കാട് മുഹമ്മദ് കുട്ടി എന്ന ഫവാസ്, ക്വട്ടേഷൻ സംഘാംഗമായ എറണാകുളം തൃപ്പൂണിത്തുറ പാലായിൽ ശിവസദനം വീട്ടിൽ വീട്ടിൽ കരുൺ, സംഘാംഗങ്ങളായ മറ്റു രണ്ടു പേർ എന്നിവർ ഇനിയും പിടിയിലാകാനുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. കഴിഞ്ഞവർഷം ഒക്ടോബർ 22-ന് രാത്രിയായിരുന്നു സംഭവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us