ഒരു മറവത്തൂര്‍ കനവില്‍ ദിവ്യ ഉണ്ണിയെ നായികയാക്കിയതില്‍ മമ്മൂക്ക ദേഷ്യപ്പെട്ടു; മുടി വെട്ടാനും സമ്മതിച്ചില്ലെന്ന് ലാല്‍ ജോസ്

author-image
neenu thodupuzha
New Update

publive-image

Advertisment

മലയാള സിനിമയില്‍ സംവിധായകന്‍ കമലിന്റെ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ലാല്‍ ജോസ് സ്വതന്ത്ര സംവിധായകനാകുന്നത്.

ഒരു മറവത്തൂര്‍ കനവായിരുന്നു ലാല്‍ ജോസ് സംവിധാനം ചെയ്ത ആദ്യ സിനിമ. ചിത്രത്തില്‍ മമ്മൂട്ടി, ബിജു മേനോന്‍, മോഹിനി, ദിവ്യ ഉണ്ണി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സിനിമയില്‍ താനുമായി മമ്മൂട്ടിക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ സഫാരി ടി.വിയിലൂടെ ലാല്‍ ജോസ് പങ്കുവച്ചിരുന്നു.

പ്രായവ്യത്യാസം കാരണം ഒരു മറവത്തൂര്‍ കനവില്‍ ദിവ്യ ഉണ്ണിയെ നായികയാക്കിയതില്‍ മമ്മൂക്ക ദേഷ്യപ്പെട്ടു. പക്ഷെ ദിവ്യക്ക് അഡ്വാന്‍സ് കൊടുത്തിരുന്നു. മാത്രമല്ല, ഈ സിനിമയില്‍ അവര്‍ തമ്മില്‍ ലൗ സീനൊന്നുമില്ല. മനസില്‍ സൂക്ഷിച്ച ഒരിഷ്ടമാണ് സിനിമയില്‍ ആനിക്ക് ചാണ്ടിയോടുണ്ടായിരുന്നത്. അതെനിക്ക് വ്യക്തമായി അറിയാവുന്നകൊണ്ട് പ്രായവ്യത്യാസം വിഷയമാകില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും മമ്മൂക്ക ദേഷ്യപ്പെട്ടു.

ആദ്യ സിനിമ നിന്റെ തന്നിഷ്ടമെന്ന് പറഞ്ഞ് എന്നെ ശാസിച്ചു. പിന്നെ മുടി ക്രോപ്പ് ചെയ്യണമെന്നതായിരുന്നു. മറ്റു സിനിമകളെ ബാധിക്കും മുടി വച്ചാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു മുടി എന്തായാലും വെട്ടണമെന്ന്. ഇത് രണ്ടും പൂജയ്ക്ക് മുമ്പ് വലിയ പ്രശ്‌നമായി. ഈ അസ്വസ്ഥത അന്തരീക്ഷത്തിലുണ്ട്.

പൂജയുടെ രണ്ട് ദിവസം മുമ്പ് കാണാന്‍ ചെന്നപ്പോഴും മുടി വെട്ടുന്ന പ്രശ്‌നമില്ലെന്ന് പറഞ്ഞു. മുടി വെട്ടില്ലെന്ന് വിചാരിച്ച് സങ്കടത്തിലാണ് ഞാന്‍ പോന്നത്. പക്ഷെ പിറ്റേ ദിവസം രാവിലെ ഞാന്‍ ഞെട്ടി, വിചാരിച്ചതിലും ചെറുതായി മൊട്ടയടിച്ച് ഒരാഴ്ച കഴിഞ്ഞ പോലെ എന്റെ മുന്നില്‍ വന്നു. മതിയോ, നിനക്ക് തൃപ്തിയായോ എന്ന് ചോദിച്ചു.

അതാണ് ഞാന്‍ മമ്മൂക്കയെ എല്ലാ കാലത്തും സ്‌നേഹിക്കുന്നത്. അദ്ദേഹത്തിന്റെ താല്‍പര്യങ്ങളൊക്കെ വേറെയായിരിക്കും പക്ഷെ, അതൊന്ന് പറഞ്ഞു നോക്കും.

നായികയുടെ കാര്യത്തിലും അദ്ദേഹം അപ്പോഴും ഹാപ്പിയായിരുന്നില്ല. ഞാന്‍ പ്രൊഡ്യൂസറെ നിര്‍ത്തിയിട്ട് പറഞ്ഞു ഈ കഥാപാത്രത്തിന് ദിവ്യക്ക് നല്ല തുക അഡ്വാന്‍സായി കൊടുത്തു. അവരോട് മാറ്റിപ്പറയാന്‍ കാരണമില്ല.

മഞ്ജു മാറിയപ്പോള്‍ നമുക്ക് ഡേറ്റ് തന്നു. മമ്മൂക്കയുടെ കൂടെ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് മറ്റേതൊക്കെയോ പടങ്ങള്‍ മാറ്റിയാണ് ഡേറ്റ് തന്നത്. എനിക്കിനി മാറ്റിപ്പറയാന്‍ പറ്റില്ല എന്റെ അഭിപ്രായമിതാണെന്ന്.

അത് മമ്മൂക്കയ്ക്കും സിയാദിക്കയ്ക്കും ഷോക്കായിരുന്നു. അവരോടാണ് എന്റെ അഭിപ്രായവും നിര്‍ബന്ധ ബുദ്ധിയും പ്രകടിപ്പിക്കുന്നത്. ഇത്തിരി ധിക്കാരമുണ്ടെന്ന് പിന്നെയെനിക്ക് തോന്നി. പക്ഷെ അങ്ങനെ പറയാതെ നിവൃത്തിയില്ലല്ലോ എന്ന് ലാല്‍ ജോസ് പറയുന്നു.

Advertisment