/sathyam/media/post_attachments/2jQUECFOEBYDqbkdxNWt.jpg)
കാസർകോട്: തോക്ക് ചൂണ്ടി ലോറികൾ തട്ടിയെടുത്ത് പണം കൊള്ളയടിക്കാൻ ശ്രമിച്ച അധോലോക സംഘത്തിൽപ്പെട്ട നാലു പേരെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തു.
കർണാടക ചിക്കൂർ പാത സ്വദേശി സഫ് വാന്‍, മഹാരാഷ്ട്ര സ്വദേശി രാകേഷ് കിഷോര്‍(30), പൈവളിക കളായി സ്വദേശി സഫാഹ് (22), ഉപ്പള സോങ് സ്വദേശി ഹൈദർ അലി(22) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് സാഹസികമായി പിടികൂടിയത്.
പ്രതികൾ തട്ടിക്കൊണ്ടു പോയ ലോറികളും സഞ്ചരിക്കാനുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു
ബുധനാഴ്ച രാത്രി മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ മിയാപദവിലാണ് സംഭവം. ചെങ്കൽ കയറ്റിവന്ന രണ്ട് ലോറികളെ ആൾട്ടോ കാറിലും ബൈക്കിലും എത്തിയ ആറംഗസംഘം തടഞ്ഞുനിർത്തി സം ഘത്തിലെ രണ്ടുപേർ ഡ്രൈവർമാർക്ക് നേരെ തോക്ക് ചൂണ്ടി കൊലപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ലോറികളുമായി കടന്നു കളയുകയായിരുന്നു.
വിവരമറിഞ്ഞ മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി ലോറി തട്ടിക്കൊണ്ടു പോയ കുരുടപ്പദവ് കൊമ്മംഗള ഭാഗത്തേക്ക് പിന്തുടർന്നു.
പിന്നീട് കുരുടപ്പദവ് കൊമ്മംഗള എന്ന സ്ഥലത്തെത്തിയതോടെ പോലീസിനെ കണ്ട അക്രമികൾ ലോറി ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ തട്ടിക്കൊണ്ടുപോയ ലോറികൾക്ക് അകമ്പടി പോയ കാറില്‍ നിന്നിറങ്ങിയവർ പോലീസിന് നേരെയും തോക്ക് ചൂണ്ടി.
അതിസാഹസികമായി പോലീസ് സംഘം രണ്ടു പേരെ കീഴ്പ്പെടുത്തുകയായിരുന്നു. രണ്ടുപേർ രക്ഷപ്പെട്ടു.
തുടർന്ന് രാത്രി നടത്തിയ തിരച്ചിലിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് എഎസ്പി പി.കെ. രാജു പറഞ്ഞു
രാകേഷ് കിഷോറിനെതിരെ നേരത്തെ അനധികൃതമായി ആയുധം കൈവശം വെച്ചതിനും ഉപയോഗിച്ചതിനും കര്‍ണാടകയിലും കേരളത്തിലും കേസുകളുണ്ട്.
പോലീസിന് നേരെ തോക്കു ചൂണ്ടി വെടിവെച്ച് ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണ്. സംഭവത്തിലുള്‍പ്പെട്ടവർ അന്തര്‍സംസ്ഥാന ക്രിമിനല്‍ കേസില്‍പ്പെട്ടവരും ക്വട്ടേഷന്‍ സംഘാംഗങ്ങളുമാണ്.
കുറ്റകൃത്യത്തില്‍ ഏർപ്പെട്ട പ്രതികള്‍ക്ക് കുപ്രസിദ്ധ കുറ്റവാളിയായ രവി പൂജാരിയെ പോലുള്ളവരുമായി ബന്ധമുള്ളതായി സംശയിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us