കാലാവസ്ഥയിൽ മാത്രമല്ല, പരീക്ഷാച്ചൂടിന്റെ കൂടി സമയമാണിത്. കുട്ടികള്‍ക്ക് മാത്രമല്ല. മാതാപിതാക്കള്‍ക്കും ടെന്‍ഷനും സമ്മര്‍ദ്ദവുമാണ് ഈ സമയത്ത്. എത്ര പഠിച്ചാലും മനസില്‍ നില്‍ക്കുന്നില്ല, ഓര്‍മയില്ല, സമയം തികയുന്നില്ല... അങ്ങനെ ഒരുപാട് കാരണങ്ങള്‍... ശ്രദ്ധിക്കാം ചില കാര്യങ്ങൾ:-
അന്തരീക്ഷം...
പഠിക്കാന്‍ തെരഞ്ഞെടുക്കേണ്ടത് കാറ്റും വെളിച്ചവും കിട്ടുന്നയിടമാകണം. മറ്റുള്ള ശബ്ദങ്ങളോ, ശല്യങ്ങളോ ഒന്നും ഉണ്ടാകാത്ത ഒരിടത്തിരുന്നു പഠിക്കുന്നതാണ് കൂടുതല്‍ അഭികാമ്യം. മറ്റുള്ളവയിലേക്ക് ശ്രദ്ധ പോകാതെ പഠിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കാന്‍ ഇതു സഹായിക്കും.
അരണ്ട വെളിച്ചം ഒഴിവാക്കാം...
ട്യൂബ് ലൈറ്റ് അല്ലെങ്കില്‍ എല്‍.ഇ.ഡി. ബള്‍ബ് വെളിച്ചത്തിലോ ഇരുന്ന് പഠിക്കണം. അരണ്ട വെളിച്ചത്തില്‍ ഇരുന്ന് പഠിക്കുന്നത് കണ്ണുകള്‍ക്ക് ക്ഷീണമാണ്. പഠനത്തില്‍ മടുപ്പുണ്ടാക്കാനും ഉറക്കം വരാനുമൊക്കെ ഇത് കാരണമാകും. പ്രകാശം നേരിട്ട് മുഖത്തേക്ക് വരുംവരെയാകരുത്. പിറകില്‍നിന്നോ, വശങ്ങളില്‍നിന്നോ പ്രകാശം ക്രമീകരിക്കണം.
നിവര്‍ന്നിരിക്കാം...
കസേരയില്‍ നിവര്‍ന്നിരുന്ന് പഠിക്കണം. കിടന്നോ, നിവര്‍ന്നിരുന്നോ പഠിക്കാന്‍ പാടില്ല. ഉറക്കം വരുന്നതിനൊക്കെ ഇതു കാരണമാകും. ശ്രദ്ധ തെറ്റിക്കുന്നയൊന്നും മേശയിലുണ്ടാകാന്‍ പാടില്ല. പഠനത്തിന് ആവശ്യമുള്ള സാമഗ്രഹികള്‍ മാത്രമേ ചുറ്റുവട്ടത്തുണ്ടാകാന്‍ പാടുള്ളൂ.
ഉറക്കെ വായിക്കാം...
നിശബ്ദമായും പഠിക്കുന്നവരും പതിയെ വായിച്ചു പഠിക്കുന്നവരും ഉറക്കെ വായിച്ചു പഠിക്കുന്നവരുമുണ്ട്. ഓരോരുത്തരും അവര്‍ക്ക് അഭികാമ്യവും എളുപ്പവുമായ രീതിയിലാണ് പഠിക്കുക. എന്നാല്‍, ഉറക്കെ വായിച്ചു പഠിക്കുന്നത് ശ്രദ്ധ മാറി പോകാതെയിരിക്കാന്‍ സഹായിക്കും. മറ്റൊരാളെ പഠിപ്പിച്ചു കൊടുക്കുന്നതു പോലെ പഠിക്കുന്നതും നല്ലതാണ. മുമ്പ് പഠിച്ചത് ഓര്‍മയുണ്ടോന്ന് ഓരോ ദിവസവും റിവിഷന്‍ ചെയ്തു നോക്കുന്നതും നല്ലതാണ്. പഠിച്ച കാര്യങ്ങള്‍ എഴുതി നോക്കുന്നതും നല്ലതാണ്.
ഉറക്കമിളയ്ക്കണ്ടാ...
പരീക്ഷ സമയത്ത് രാത്രിയില്‍ ദീര്‍ഘനേരമിരുന്ന് പഠിക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് പരീക്ഷയുടെ തലേന്ന് ഉറക്കമിളയ്ക്കരുത്. നന്നായി ഉറങ്ങാനും വിശ്രമിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും നോക്കണം. പഠിച്ച കാര്യങ്ങള്‍ തലച്ചോറിനുള്ളില്‍ ഡേറ്റാ പ്രോസസിങ് നടക്കുന്നതും പുതിയ വിവരങ്ങള്‍ മുമ്പുള്ളവയുമായി ബന്ധിപ്പിക്കുന്ന ലിങ്കുകള്‍ രൂപപ്പെടുന്നതും ഉറക്കത്തിലാണ്.
ഭക്ഷണത്തില്‍ ശ്രദ്ധിക്കാം..
പരീക്ഷാ സമയങ്ങളില്‍ കൃത്യമായി ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കുക തന്നെവേണം. ഫുഡ് ഇന്‍ഫെക്ഷന്‍, വയറിളക്ക രോഗങ്ങള്‍ മുതലയാവ ഒരു പരിധി വരെ ഒഴിവാക്കി നിര്‍ത്താന്‍ ഇതിലൂടെ കഴിയും. പഴങ്ങളും സസ്യാഹാരങ്ങളും വീട്ടില്‍ തയാറാക്കിയ പലഹാരങ്ങളുമൊക്കെ കഴിക്കുന്നതാണ് നല്ലത്.
യാത്രകള്‍ വേണ്ട...
പരീക്ഷാ കാലത്ത് അനാവശ്യ യാത്രകളും ട്രിപ്പുകളും ബന്ധു വീട് സന്ദര്‍ശനങ്ങളും ആഘോഷങ്ങള്‍, വിരുന്നുകളൊക്കെ കഴിവതും ഒഴിവാക്കണം.