നിയന്ത്രണംവിട്ട കാർ രണ്ട് ഓട്ടോകളിൽ ഇടിച്ച് 2 സ്ത്രീകൾക്ക് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

മേപ്പാടി: വയനാട് മേപ്പാടി മൂപ്പൈനാട് നിയന്ത്രണംവിട്ട കാര്‍ രണ്ട് ഓട്ടോറിക്ഷകളിലിടിച്ച് ഒരു ഓട്ടോയിലെ യാത്രക്കാരായ അമ്മക്കും മകള്‍ക്കും ദാരുണാന്ത്യം.

Advertisment

തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത കാറാണ് നിയന്ത്രണം വിട്ട് രണ്ട് ഓട്ടോകളിലായി ഇടിച്ചത്.

വടുവന്‍ചാല്‍ അമ്പലക്കുന്ന് കോട്ടയക്കുടിയില്‍ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (80), മകള്‍ കാരച്ചാല്‍ സ്വദേശി ബേബിയുടെ ഭാര്യ മോളി (57)എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍കണ്ടി ഖാലിദ് (50), കാര്‍ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി പുരുഷോത്തമന്‍ (26), അപകടത്തില്‍പ്പെട്ട മറ്റൊരു ഓട്ടോറിക്ഷയിലെ ഡ്രൈവര്‍ ലതീഷ് (38) എന്നിവര്‍ക്ക് പരിക്കേറ്റു.  ഇവരെ മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഖാലിദ് ഓടിച്ചിരുന്ന ഓട്ടോയിലെ യാത്രക്കാരായിരുന്നു മരിച്ച മറിയക്കുട്ടിയും മോളിയും.

ഈങ്ങാപ്പുഴയിലെ ബന്ധുവീട്ടില്‍നിന്നും ഓട്ടോ വാടകയ്ക്ക് വിളിച്ച് വടുവന്‍ചാലിലേക്ക് മടങ്ങുകയായിരുന്നു അമ്മയും മകളും. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോയില്‍നിന്നു നാട്ടുകാരാണ് മറിയക്കുട്ടിയെയും മോളിയെയും പുറത്തെടുത്ത് മേപ്പാടി അരപ്പറ്റയിലെ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.

നിയന്ത്രണംവിട്ട കാര്‍ ഓട്ടോറിക്ഷകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടം നടന്നതിന് പിന്നാലെ സിസി ടി വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Advertisment