സാധാരണയായി പ്രായപൂര്‍ത്തിയായവര്‍ ഏഴര മുതല്‍ എട്ട് മണിക്കൂര്‍ വരെയും കുട്ടികള്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയും ശരിയായി ഉറങ്ങണം.
ഒരു വ്യക്തിക്ക് ഉറക്കമില്ലാത്തത് ഒന്ന് പെട്ടെന്ന് താല്‍ക്കാലികമായുള്ള ഉറക്കം ഇല്ലായ്മ, മറ്റൊന്ന് ദീര്‍ഘകാലമായി ഉറക്കം നഷ്ടപ്പെടുന്നത്. ഈ രണ്ട് അവസ്ഥയും ആരോഗ്യത്തെയും ദൈനംദിന ജീവിതത്തെയും എങ്ങനെ ബാധിക്കുമെന്ന് നോക്കാം...
ഉറക്കം കുറഞ്ഞാല്‍
പ്രതിരോധശേഷിക്കുറവ്, ദേഷ്യം-വാശി, കണ്ണിന്റെ ചുറ്റും കറുപ്പും നീരും, ഉന്മേഷക്കുറവ്, തലവേദന, ഓര്‍മ്മക്കുറവ്, ദഹനപ്രശ്‌നം അഥവാ ഗ്യാസ്ട്രബിള്‍, ശ്രദ്ധക്കുറവ്, ലൈംഗിക പ്രശ്‌നങ്ങള്‍, അമിതവണ്ണം, ഹോര്‍മോണ്‍-അസന്തുലിതാവസ്ഥ എന്നിവയൊക്കെയുമുണ്ടാകും.
ദീര്‍ഘകാല ഉറക്കമില്ലായ്മയിലൂടെ പലപ്പോഴും പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൂടാതെ അകാലമരണത്തിനു വരെ സാധ്യതയുണ്ട്.
ഉറക്കത്തിന് തടസമാകുന്നത്
മാനസിക സമ്മര്‍ദ്ദം, ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍ (കൂര്‍ക്കംവലി), പുകവലി, ഉറങ്ങുന്നതിന് മുമ്പ് കാപ്പി പോലുള്ള കഫെനേറ്റഡ് ഉത്പന്നങ്ങള്‍ കുടിക്കുന്നത്, ശാരീരികവേദനകള്‍, തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുന്ന രോഗങ്ങള്‍, ഗര്‍ഭം, വിഷാദം എന്നിങ്ങനെ പല കാരണങ്ങളാണ്.
എന്നാല്‍, ഒരു പരിധിയിലധികം ഉറങ്ങുന്നതും ആരോഗ്യത്തിന് നന്നല്ല. ഉറങ്ങുന്ന സമയം ആഴത്തിലുള്ള ഉറക്കവും തുടര്‍ച്ചയായ- അസ്വസ്ഥതയില്ലാത്തതുമായ ഉറക്കത്തിനും പിന്തുടരേണ്ട ചില കാര്യങ്ങളുമുണ്ട്.
സുഖനിദ്രയ്ക്ക്
ശരാശരി എട്ട് മണിക്കൂര്‍ ഉറങ്ങണം, കൃത്യസമയത്ത് ഉറങ്ങണം. കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കണം. കിടപ്പുമുറിയില്‍ വെളിച്ചം, താപം, കൊതുക്, ശബ്ദം എന്നിവ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കുക. ഉറങ്ങാന്‍ കിടക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ഫോണ്‍, ടി.വി, ലാപ്‌ടോപ് ഉപയോഗം കുറയ്ക്കണം.
മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കി സന്തോഷം നല്‍കുന്ന ഓര്‍മകള്‍ മനസിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കണം.
ഉറക്കമില്ലായ്മയ്ക്ക് ഹോമിയോപ്പതിയില്‍ ഇത്തരം 'സ്ലീപ്പിങ് ഡിസോര്‍ഡേഴ്സ്' അഥവാ ഉറക്കക്കുറവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഉത്തമമായ പരിഹാരമുണ്ട്. ഒരാളുടെ വ്യക്തിത്വവും മാനസികവും ശരീരികവുമായ ലക്ഷണങ്ങള്‍, രോഗകാരണം എന്നിവ അനുസരിച്ചാണ് ഹോമിയോപ്പതിയില്‍ ചികിത്സ നടത്തുന്നത്.
പാര്‍ശ്വഫലങ്ങളില്ലാത്ത ഹോമിയോ മരുന്നുകള്‍ മറ്റെല്ലാവരെയും പോലെ ഗര്‍ഭിണികള്‍ക്കും പ്രമേഹരോഗികള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഫലപ്രദമാണ്. ചികിത്സയുടെ ഭാഗമായി വിദഗ്ധ ഹോമിയോ ഡോക്ടര്‍മാര്‍, മരുന്നിനോടൊപ്പം കൗണ്‍സിലിങ്ങും നല്‍കുന്നത് ഏറെ ഫലം നല്‍കും.