പാലില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്നത് നമുക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. എന്നാല്‍, വീട്ടില്‍ ചെയ്യാവുന്ന ചില പരിശോധനകളുണ്ട്. ഇതിലൂടെ ഒരളവ് വരെ പാലിലെ മായം കണ്ടെത്താന്‍ സാധിക്കുമെന്നാണ് 'ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ' (എഫ്എസ്എസ്എഐ) പറയുന്നത്. ഇത്തരത്തില്‍ ചെയ്യാവുന്ന മൂന്ന് പരിശോധനകള്‍ എങ്ങനെയെന്ന് നോക്കാം.
വളരെ വൃത്തിയുള്ള, ചരിഞ്ഞ പ്രതലത്തില്‍ ഒരു തുള്ളി പാല്‍ ഇറ്റിക്കുക. ശുദ്ധമായ പാലാണെങ്കില്‍ ഇത് പതിയെ ആയിരിക്കും ചരിവിലൂടെ ഒലിച്ച് താഴേക്കിറങ്ങുക. ഇത് ഒലിച്ചിറങ്ങുന്നതിന് അനുസരിച്ച് അവിടെ പാലിന്റെ പാടും അവശേഷിക്കും. എന്നാല്‍ വേഗത്തില്‍ ഒലിച്ചിറങ്ങുകയും പാട് അവശേഷിപ്പിക്കാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ആ പാലില്‍ മായമുണ്ടെന്ന് മനസിലാക്കാം.
അഞ്ച് മുതല്‍ പത്ത് മില്ലി ലിറ്റര്‍ പാല്‍ വരെയെടുക്കുക. ഇതേ അളവില്‍ വെള്ളവും എടുക്കുക. ഇനിയിത് രണ്ടും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. പാലില്‍ ഡിറ്റര്‍ജന്റ് പോലുള്ള മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ ഈ സമയത്ത് പത വരുന്നത് കാണാം. ശുദ്ധമായ പാലാണെങ്കില്‍ വെള്ളവും ചേര്‍ത്ത് കുലുക്കുമ്പോഴും വളരെ നേര്‍ത്തൊരു പതയേ വരൂ.
രണ്ടോ മൂന്നോ മില്ലി ലീറ്റര്‍ പാല്‍ അത്രയും തന്നെ വെള്ളവും ചേര്‍ത്ത് ചൂടാക്കുക. ( പാല്‍ മാത്രമല്ല, പനീര്‍ പോലുള്ള പാലുത്പന്നങ്ങളും ഇങ്ങനെ ചെയ്തുനോക്കാം.
നെയ് - ബട്ടര്‍ എന്നിവ പരിശോധിക്കുമ്പോള്‍ വെള്ളം ചേര്‍ക്കേണ്ടതില്ല. ഇനി ഇതൊന്ന് ആറിയ ശേഷം രണ്ടോ മൂന്നോ തുള്ളി ടിങ്ചര്‍ അയോഡിന്‍ ഇതിലേക്ക് ചേര്‍ക്കുക. ഈ സമയം ഇതില്‍ നീല നിറം കാണുകയാണെങ്കില്‍ പാലില്‍ മായമുണ്ടെന്ന് മനസിലാക്കാം.