വിദേശത്ത് പോകാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ കട ബാധ്യത തീർക്കാൻ മാല മോഷണം; കള്ളനെ കൈയ്യോടെ പൊക്കി പോലീസ്

author-image
neenu thodupuzha
New Update

കോഴിക്കോട്: വിദേശത്തു ജോലിക്കു പോകുന്നതിന്റെ തലേദിവസം സ്‌കൂട്ടറിൽ കറങ്ങി സ്വർണ മാല പിടിച്ചുപറിച്ച യുവാവ് പോലീസ് പിടിയിൽ.

Advertisment

കോഴിക്കോട് കല്ലായി കട്ടയാട്ടുപറമ്പ് സ്വദേശി സിക്കന്തർ മിർഷ (30) യാണ് അറസ്റ്റിലായത്.

ഇന്നലെ പുലർച്ചെ വിമാനത്തിൽ വിദേശത്തേക്കു പോകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് പ്രതി മോഷ്ടിക്കാനിറങ്ങിയത്.

publive-image

ശനിയാഴ്ച വൈകുന്നേരം ചക്കുംകടവിൽ നിന്നു ബന്ധുവിനെ കണ്ടുമടങ്ങുകയായിരുന്ന കൊളത്തറ സ്വദേശിനി സരോജിനിയുടെ രണ്ടുപവൻ തൂക്കം വരുന്ന താലിമാലയാണ് സ്‌കൂട്ടറിലെത്തിയ സിക്കന്തർ പിടിച്ചുപറിച്ചത്.

വീട്ടമ്മയുടെ  പരാതിയെത്തുടർന്ന് പന്നിയങ്കര പോലീസ് അന്വേഷണം നടത്തിവരവേ രാത്രി ഏഴുമണിയോടെ കല്ലായി ഭാഗത്തുവച്ച് സംശയാസ്പദ സാഹചര്യത്തിൽ സിക്കന്തറിനെ കാണുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

ഇതോടെയാണ്  മോഷണവിവരം പുറത്തായത്. ഇയാൾ സ്‌കൂട്ടറിലെത്തുന്ന സി.സി.  ടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. ഇതും പ്രതിയെ തിരിച്ചറിയാൻ സഹായമായി.

ബാങ്കിൽ സ്വർണാഭരണം പണയം വച്ചതുമായി ബന്ധപ്പെട്ട് ഇയാൾക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇത് തീർത്ത ശേഷം വിദേശത്തേക്കു പോകാനാണ് കവർച്ച നടത്തിയത്.

വിദേശത്തേക്ക് പോയിക്കഴിഞ്ഞാൽ ആർക്കും സംശയം വരില്ലെന്ന കണക്കുകൂട്ടലിലാണ് ഇത്തരത്തിൽ മോഷണം നടത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന്  പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലേക്കു മാറ്റി.

Advertisment