Advertisment

വ്യാജനമ്പര്‍ പ്ലേറ്റുള്ള ബുള്ളറ്റ്  പിടികൂടിയ വീട്ടില്‍ നിന്ന് വീണ്ടും ബൈക്ക് പിടികൂടി

author-image
neenu thodupuzha
New Update

അടൂര്‍: വ്യാജനമ്പര്‍ പ്ലേറ്റുമായി ബുളളറ്റ് പിടികൂടിയ അതേ വീട്ടില്‍ നിന്ന് വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി കസ്റ്റഡിയിലെടുത്ത് പോലിസിന് കൈമാറി.

Advertisment

publive-image

കടമ്പനാട് സ്വദേശി അഖിലിന്റെ വീട്ടില്‍ നിന്നാണ് ബജാജ് സിടി 100 ബൈക്ക് ഇന്നലെ പിടികൂടിയത്. മാര്‍ച്ച് നാലിന് വ്യാജ നമ്പര്‍ പ്ലേറ്റുള്ള പച്ച ബുള്ളറ്റ് ബൈക്ക് വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയിരുന്നു. വാഹനത്തിന്റെ നമ്പര്‍ നോക്കി പിഴ അടയ്ക്കാനുള്ള ഓൺലൈന്‍ ചെല്ലാന്‍ അയച്ചപ്പോഴാണ് ഇത് വ്യാജ നമ്പരാണെന്ന് വ്യക്തമായത്.

ചെല്ലാന്‍ കിട്ടിയ യഥാര്‍ഥ ഉടമ രേഖകളും തന്റെ ചുവന്ന നിറത്തിലുള്ള ബുള്ളറ്റ് ബൈക്കുമായി ജോയിന്റ് ആര്‍.ടി.ഓഫീസില്‍ ഹാജരായപ്പോഴാണ് തങ്ങളെ വെട്ടിച്ച് കടന്ന പച്ച ബുള്ളറ്റിന്റെ നമ്പര്‍ വ്യാജമാണെന്ന് മനസിലായത്.

തുടര്‍ന്ന് സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഏറെ പണിപ്പെട്ടാണ് കഴിഞ്ഞ ആറിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാജ നമ്പരുള്ള പച്ച ബുള്ളറ്റ് മണ്ണടിയില്‍ കണ്ടെത്തിയത്.  ഇതിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമായിരുന്നെങ്കിലും ചേസിസ് നമ്പര്‍ കൃത്യമായിരുന്നു.

തുടരന്വേഷണത്തിന് ജോയിന്റ് ആര്‍.ടി.ഓ റിപ്പോര്‍ട്ട് നല്‍കാനിരിക്കേയാണ് ഇന്നലെ വീണ്ടും ഇതേ വീട്ടില്‍ നിന്ന് സമാന രീതിയിലുള്ള വാഹനം പിടികൂടിയത്.

രാവിലെ വാഹന പരിശോധനയ്ക്ക് ഇറങ്ങിയ എ.എം.വി.ഐമാര്‍ വീടിന് മുന്നിലൂടെ പോയപ്പോള്‍ പോര്‍ച്ചില്‍ ഒരു ബജാജ് സി.ടി. 100 ബൈക്ക് ഇരിക്കുന്നത് കണ്ടു. സംശയം തോന്നി ആ ബൈക്കിന്റെ നമ്പര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ നോക്കി.

ഈ നമ്പരിലുള്ള വാഹനത്തിന്റെ രേഖകള്‍ കാലാവധി കഴിഞ്ഞതാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് പിടികിട്ടി. എങ്കിലും വാഹനം ഓട്ടത്തിന് ഉപയോഗിക്കുന്നതാണെന്ന് മനസിലാക്കി വീട്ടിലേക്ക് ചെന്ന് പരിശോധിച്ചു. കെ.എല്‍. 03 എം. 1233 നമ്പര്‍ വണ്ടിയുടെ എന്‍ജിന്‍ നമ്പരും ചേസിസ് നമ്പരും പരിശോധിച്ചപ്പോള്‍ വാഹനം വ്യാജമാണ്. വണ്ടിയിലുള്ള എന്‍ജിന്‍ നമ്പരും ചേസിസ് നമ്പരും വച്ച് പരിശോധിച്ചപ്പോള്‍ യഥാര്‍ഥ നമ്പര്‍ കെ.എല്‍.03 എല്‍ 6663 ആണെന്ന് വെബ്‌സൈറ്റില്‍ നിന്ന് മനസിലാക്കി.

വാഹനം കസ്റ്റഡിയില്‍ എടുത്ത് അടൂര്‍  സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. രണ്ടാഴ്ചയിലെ ഇടവേളയിലാണ് ഒരാളിൽ നിന്ന് രണ്ട് വ്യാജവാഹനങ്ങള്‍ പിടികൂടുന്നത്.

Advertisment