ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് പീഡനം:  പരാതി പിന്‍വലിക്കാന്‍  സമ്മര്‍ദ്ദം ചെലുത്തിയവരെ പിരിച്ചുവിട്ടു,  അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

author-image
neenu thodupuzha
New Update

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ അതിജീവിതയ്ക്ക് മേല്‍ ജീവനക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയ സംഭവത്തില്‍ ആറു ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു.

Advertisment

publive-image

ഇതില്‍ അഞ്ചു പേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ഒരു താത്കാലിക ജീവനക്കാരിയെ പിരിച്ചുവിടുകയും ചെയ്തു.

മെഡിക്കല്‍ കോളേജ് ഗ്രേഡ് 1 അറ്റന്‍ഡര്‍മാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റന്‍ഡര്‍മാരായ പി.ഇ. ഷൈമ, ഷലൂജ, നഴ്‌സിങ് അസിസ്റ്റന്റായ പ്രസീത മനോളി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്ക് പുറമേ താത്കാലിക ജീവനക്കാരിയായ ദീപയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.

സര്‍വീസ് ചട്ടപ്രകാരം താത്കാലിക ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ വകുപ്പില്ലാത്തതിനാല്‍ ഇവര്‍ക്കെതിരെ പിരിച്ചുവിടല്‍ നടപടി മാത്രമേ കൈക്കൊള്ളാൻ കഴിയൂ. അതിനാലാണ് മറ്റു നാലു പേരെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ താത്കാലിക ജീവനക്കാരിയെ മാത്രം പിരിച്ചുവിട്ടത്.

സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. വാര്‍ഡിലെത്തി ജീവനക്കാരില്‍ ചിലര്‍ മോശമായി സംസാരിക്കുകയും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതി ശശീന്ദ്രന്റെ സഹപ്രവര്‍ത്തകരാണ് പരാതിക്കാരിയെ നേരിട്ട് കണ്ട് സമ്മര്‍ദ്ദം ചെലുത്തിയത്.

അതിജീവിതയുടെ പരാതിയെത്തുടര്‍ന്ന് മൂന്നംഗ സമിതിക്ക് സൂപ്രണ്ട് വസ്തുതാ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നടപടി സ്വീകരിച്ച് ഉത്തരവിറക്കിയത്. തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന യുവതിയെ വാര്‍ഡിലേക്ക് മാറ്റി.

കഴിഞ്ഞ ശനിയാഴ്ചയാണ് തൈറോയ്ഡ് സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് പ്രധാന ഓപ്പറേഷന്‍ തിയേറ്ററില്‍നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയ രോഗി അതിക്രമത്തിന് ഇരയായത്.

സംഭവത്തില്‍ പ്രതിയായ ഗ്രേഡ് വണ്‍ അറ്റന്‍ഡറായ വടകര മയ്യന്നൂര്‍ സ്വദേശി ശശിധരന്‍ (55) മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റിലായിരുന്നു. ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Advertisment