അയൽവാസികളുമായി വഴക്കിട്ട് കാലിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തി; പ്രകോപനമില്ലാതെ നഴ്സിങ് റൂമിൽ അതിക്രമിച്ചു കയറി മധ്യവയസ്കന്റെ ആക്രമണം, നാലുപേര്‍ക്ക് കുത്തേറ്റു

author-image
neenu thodupuzha
New Update

കായംകുളം: താലൂക്ക് ആശുപത്രിയില്‍ മധ്യവയസ്‌ക്കന്‍ നടത്തിയ അക്രത്തില്‍ നാലുപേര്‍ക്ക് കുത്തേറ്റു. സെക്യൂരിറ്റി ജീവനക്കാരന്‍ മധു, ഹോംഗാര്‍ഡ് വിക്രമന്‍, സി.പി.ഒമാരായ ശിവകുമാര്‍, ശിവന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.

Advertisment

ഗുരുതരമായി പരുക്കേറ്റ സി.പി.ഒമാരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.

കാലില്‍ പരുക്കേറ്റെന്ന് പറഞ്ഞ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കൃഷ്ണപുരം കാപ്പില്‍ സ്വദേശി ദേവരാജനാണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

publive-image

ബഹളം കേട്ടാണ് സെക്യൂരിറ്റി ജീവനക്കാരനായ മധു, ഹോംഗാര്‍ഡ് വിക്രമന്‍ എന്നിവര്‍ ഓടിയെത്തിയത്. ഇരുവരെയും ഇയാൾ മേശയില്‍ നിന്നെടുത്ത കത്രിക കൊണ്ട് കുത്തി വീഴ്ത്തി. ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് സി.പി.ഒമാരായ ശിവകുമാര്‍, ശിവന്‍ എന്നിവര്‍ക്ക് പരുക്കേറ്റത്.

ഡോ. ഷാഹിനയാണ് ഇയാളെ ചികിത്സിച്ചത്. ഈ സമയം ഒരു പ്രകോപനവും കൂടാതെ നഴ്‌സിങ് റൂമിലേക്ക് അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. മധുവിന്റെ കൈയ്ക്കും വിക്രമന്റെ വയറ്റിലുമാണ് കുത്തേറ്റത്.

കപ്പില്‍ പ്രദേശത്ത് ഇയാൾ സമീപവാസികളായ ചിലരുമായി വാക്കേറ്റമുണ്ടായതായും അക്രമം നടത്തി യതായും  പറയുന്നു. ഇങ്ങനെയാണ് ഇയാളുടെ കാലിന് മുറിവേറ്റത്. ഇതിന് ചികിത്സ തേടിയെത്തിയപ്പോഴാണ് താലൂക്കാശുപത്രിയില്‍ ഇയാള്‍ അക്രമാസക്തനായത്.

ആശുപത്രിയില്‍ അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ചു.

Advertisment