മലപ്പുറം: 1.3 കോടി വിലമതിക്കുന്ന രണ്ടേകാൽ കിലോഗ്രാമോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കരിപ്പൂർ വിമാനത്തവളത്തിൽ കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽനിന്നു വന്ന മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് നൂറുദ്ദിനിൽ (24) നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത്. വിശദമായ പരിശോധനയിൽ ഇയാളുടെ ശരീരത്തിനുള്ളിലും ധരിച്ചിരുന്ന അടിവസ്ത്രങ്ങൾക്കുള്ളിലും സ്വർണ്ണമിശ്രിതം കണ്ടെത്തി.
/sathyam/media/post_attachments/LBI7fLnC38CFS0lha6EP.jpg)
1155 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സ്യൂളുകളാണ് നൂറുദ്ദിൻ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നത്. സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച 774 ഗ്രാം തൂക്കമുള്ള അടിവസ്ത്രങ്ങളുമാണ് നൂറുദ്ദിനിൽനിന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഏകദേശം 85 ലക്ഷം രൂപ വില മതിക്കുന്ന ഒന്നര കിലോഗ്രാമോളം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. 70,000 രൂപയാണ് കള്ളക്കടത്തുസംഘം നൂറുദ്ദീന് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.
ദുബായിൽനിന്നു വന്ന കാസർകോട് സ്വദേശിയായ അബ്ദുൾ സലാ(43)മിൽനിന്നു സ്വർണം പിടികൂടി. ഇയാളുടെ ബാഗേജിനുള്ളിലുണ്ടായിരുന്ന എയർപോഡും പാചകപാത്രങ്ങളുടെ കാർട്ടണും വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണ കണ്ടെത്തിയത്.
ദുബായിൽനിന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തി കോഴിക്കോട് പുതുപ്പാടി സ്വദേശി പാലകുന്നുമ്മൽ ഹുസൈൻ (35 ) പിടിയിലായി. ഇയാൾ ധരിച്ചിരുന്ന പാന്റ്‌സ് വിശദമായി പരിശോധിച്ചതോടെ പാന്റ്‌സിന്റെ മുകൾവശത്തു തുന്നിപിടിപ്പിച്ച സ്വർണമിശ്രിതമടങ്ങിയ 282 ഗ്രാം തൂക്കമുള്ള ചെറിയ പാക്കറ്റുകൾ ലഭിച്ചു.
ഇതിൽ 10 ലക്ഷം രൂപ വിലമതിക്കുന്ന 200 ഗ്രാമോളം സ്വർണം ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. അബ്ദുൾ സലാമിന് 30,000 രൂപയും ഹുസൈന് 20,000 രൂപയുമാണ് കള്ളക്കടത്തുസംഘം പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.