ഫ്‌ളോറിഡ: കാമുകിയെ ഇന്റര്‍വ്യൂ സ്ഥലത്ത് കൃത്യ സമയത്ത് എത്തിക്കാന്‍ അമിത വേഗതയില്‍ കാറില്‍ സഞ്ചരിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് ലൈസന്‍സ് റദ്ദാക്കി.
ഫ്‌ളോറിഡ സ്വദേശിയായ വോണ്‍ പിയറി ജാക്‌സ(22)നാണ് പോലീസ് പിടിയിലായത്. മണിക്കൂറില്‍ 64 കിലോ മീറ്റര്‍ വേഗതയില്‍ മാത്രം സഞ്ചരിക്കാന്‍ അനുവാദമുള്ള റോഡിലൂടെയാണ് ഇയാള്‍ 160 കിലോ മീറ്റര്‍ വേഗതയില്‍ അശ്രദ്ധമായി വാഹനമോടിച്ചത്.
വാഹനത്തിന്റെ പിന്നില്‍ മൂന്ന് കുട്ടികളുമുണ്ടായിരുന്നു. പാം സ്പ്രിംഗ്‌സില്‍ സ്ഥിതി ചെയ്യുന്ന ഫാള്‍സ് ചര്‍ച്ച് റോഡിന് സമീപത്തുള്ള ഡിഗ്രൂസ് റോഡിലാണ് സംഭവം.
ടാക്കോ ബെല്ലില്‍ നടക്കുന്ന ഒരു ഇന്റര്‍വ്യൂവില്‍ കാമുകിയെ കൃത്യ സമയത്ത് എത്തിക്കാനാണ് വേഗതയില്‍ വണ്ടിയോടിച്ചതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
എന്നാല്‍, ഇതിന് മുമ്പും ഇയാള്‍ അമിത വേഗതയില്‍ വാഹനമോടിച്ചതിന് പിടിയിലായിട്ടുണ്ട്. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും നിയമങ്ങള്‍ തെറ്റിച്ച് വാഹനം ഓടിച്ചതിനാണ് ഇയാളുടെ ലൈസന്‍സ് റദ്ദാക്കിയത്.