മനാമ: നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനും എംബസികള്‍ വീണ്ടും തുറക്കാനും സൗദി അറേബ്യയും സിറിയയും ധാരണയിലെത്തി. ഏപ്രിലില്‍ ചെറിയ പെരുനാളിനുശേഷം എംബസികള്‍ വീണ്ടും തുറക്കാന്‍ ഇരു സര്‍ക്കാരും തയാറെടുത്തതായി റിപ്പോര്‍ട്ട്.
സിറിയന്‍ ഇന്റലിജന്‍സ് കമ്മിറ്റി തലവന്‍ ഹുസാം ലൂക്കയുമായി സൗദി അറേബ്യയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എന്നാല്‍, സൗദി വിദേശ മന്ത്രാലയവും സിറിയന്‍ സര്‍കക്കാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ സൗദി-ഇറാന്‍ ബന്ധം പുനഃസ്ഥാപിക്കാനും എംബസികള്‍ വീണ്ടും തുറക്കാനുമുള്ള തീരുമാനവുമാണ് സൗദി-സിറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.
2011ല്‍ ആഭ്യന്തര യുദ്ധം ആരംഭിച്ച ശേഷം നിരവധി രാജ്യങ്ങള്‍ സിറിയയുമായുള്ള ബന്ധം വിച്‌ഛേദിച്ച് എംബസികള്‍ പൂട്ടിയിരുന്നു. അതേ വര്‍ഷം സിറിയയെ അറബ് ലീഗില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഏപ്രിലില്‍ സൗദിയില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ സിറിയയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള വോട്ടെടുപ്പിന് സിറിയന്‍-സൗദി ചര്‍ച്ച വഴിയൊരുക്കിയേക്കും.