കൈയ്ക്കും കാലിനും ലാത്തികൊണ്ട് അടിയേറ്റു; ഉത്സവം കൂടാനെത്തിയ വിദ്യാര്‍ഥിയെ പിതാവിന്റെ മുന്നിലിട്ട് പോലീസ് മര്‍ദിച്ചതായി പരാതി

author-image
neenu thodupuzha
New Update

തൊടുപുഴ: ഉത്സവം കൂടാനെത്തിയ വിദ്യാര്‍ഥിയെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കൈയ്ക്കും കാലിനും ലാത്തിയടിയേറ്റ പൊട്ടലുകളോടെ വിദ്യാര്‍ഥി തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

Advertisment

publive-image

ഉപ്പുകുന്ന് ഊലിപറമ്പില്‍ ജോര്‍ജ് കുട്ടിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പരാതിയുമായി വിദ്യാര്‍ഥിയും പിതാവും  പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക് മുന്നില്‍ നേരിട്ട് ഹാജരായി.

വെള്ളിയാഴ്ച രാത്രി 11.45ന് ഉപ്പുകുന്ന് അരുവിപ്പാറ ദേവിക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. പിതാവും സുഹൃത്തുക്കളുമൊത്ത് ജോര്‍ജ് കുട്ടിയും ക്ഷേത്രത്തിലെത്തിയിരുന്നു.

ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ ഗാനമേളയ്ക്കിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ചെറിയ ഉന്തും തള്ളുമുണ്ടായി. ഇതോടെ പിതാവ് സജീവ് ആവശ്യപ്പെട്ടതനുസരിച്ച് ജോര്‍ജ് കുട്ടി വീട്ടിലേക്ക് മടങ്ങാനായി തുടങ്ങുമ്പോൾ  അവിടെ നിന്ന കുളമാവ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ പിന്നില്‍ നിന്നും ലാത്തിക്ക് അടിച്ചെന്നും കരഞ്ഞ് പറഞ്ഞിട്ടും കാലിന്റെ തുടയിലും കൈയ്ക്കും തുടര്‍ച്ചയായി അടിച്ചതായും വലത് കൈമുട്ടിന് പൊട്ടലുണ്ടെന്നും ജോര്‍ജ് കുട്ടി പറഞ്ഞു.

മദ്യപിക്കുകയോ സംഘര്‍ഷത്തില്‍ ഉള്‍പ്പെടുകയോ ചെയ്യാത്ത തന്റെ മകനെ അകാരണമായാണ് തന്റെ മുന്നിലിട്ട് മര്‍ദിച്ചതെന്ന് പിതാവ് സജീവ് പറഞ്ഞു. കുളമാവ് സ്‌റ്റേഷനിലെ മറ്റ് പോലീസുകാരും സ്ഥലത്തുണ്ടായിരുന്നെങ്കിലും രണ്ടു പേര്‍ മാത്രമാണ് മര്‍ദിച്ചത്. മര്‍ദ്ദന കാരണം തിരക്കിയ തന്നെ അസഭ്യം പറഞ്ഞതായും മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും സജീവ് പറയുന്നു.

തൊടുപുഴ മങ്ങാട്ട്കവലയിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് ജോര്‍ജ്ജ് കുട്ടി. കൈയ്ക്ക് പൊട്ടലേറ്റതിനാല്‍ അടുത്ത ദിവസം തുടങ്ങുന്ന പരീക്ഷ എഴുതാനാകാത്ത അവസ്ഥയിലാണിപ്പോള്‍ വിദ്യാര്‍ഥി.

Advertisment