വാഷിങ്ടണ്‍: യു.എസിലെ മിസിസിപ്പിയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റില്‍ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. നിരവധിപേരെ കാണാതായി.
160 കിലോമീറ്ററിലധികം ഭാഗത്ത് കാറ്റ് നാശം വിതച്ചതായും ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. ചുഴലിക്കാറ്റിനു മുമ്പേ നിരവധി വട്ടം മുന്നറിയിപ്പു നല്‍കിയിരുന്നു.
70 മൈൽ വേഗത്തില്‍ വീശിയടിച്ച കാറ്റ് സില്‍വര്‍ സിറ്റി, റോളിങ് ഫോര്‍ക്ക് എന്നീ നഗരങ്ങളിലെ ഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. മിസിസിപ്പി, അലബാമ എന്നിവിടങ്ങളില്‍ വൈദ്യുതിയും തടസപ്പെട്ടു.
ശനിയാഴ്ച രാവിലെ മിസിസിപ്പിയിലെ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ആളുകളെ വലിച്ചെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മിസിസിപ്പിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഡെല്‍റ്റ നഗരമായ റോളിംഗ് ഫോര്‍ക്കിനെയാണ്.
തുടര്‍ച്ചയായ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും കാരണം ഏറെക്കാലമായി ഇവിടുത്തുകാര്‍ ആശങ്കയിലാണ്. യാസൂവിലെ കായലുകളില്‍ വെള്ളം പൊങ്ങിയാല്‍ പട്ടണവാസികള്‍ കെടുതി നേരിടും. താത്ക്കാലിക പാര്‍പ്പിടങ്ങളിലാണ് പലരും കഴിയുന്നത്.