Advertisment

മാലിന്യ സംസ്‌ക്കരണം: എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ സജീവം; ഇടുക്കിയിൽ കടകളിലും സ്ഥാപനങ്ങളിലും കര്‍ശന പരിശോധന

author-image
neenu thodupuzha
New Update

ഇടുക്കി: മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും  ലംഘനങ്ങൾക്ക് പിഴ ചുമത്തി നടപടിയെടുക്കാനും ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു.

Advertisment

publive-image

സ്‌ക്വാഡിന് വേണ്ടി സജ്ജമാക്കിയ പ്രത്യേക വാഹനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഫ്‌ളാഗ് ഓഫ് ചെയ്തു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തുക, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ സംഭരണം,വില്‍പന എന്നിവ തടയുകയാണ് ലക്ഷ്യം.

അനധികൃതമായി മാലിന്യം കടത്തുന്ന വാഹനങ്ങള്‍ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുക്കുവാനും കുറ്റക്കാരെ അറസ്റ്റ് ചെയ്യുവാനും സ്‌ക്വാഡിന് അധികാരമുണ്ട്.

ചെറുതോണി ടൗണിലുള്ള കടകളിലും സ്ഥാപനങ്ങളിലും സ്‌ക്വാഡ് പരിശോധന നടത്തി. പെരിയാറിന്റെ തീരത്തെ കടകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ തള്ളുന്നത് കണ്ടെത്തിയിട്ടുണ്ട്.

പ്രസ്തുത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറിക്കും മാലിന്യം നീക്കം ചെയ്യാന്‍ കട ഉടമകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കുര്യാക്കോസ് കെ.വി, ശുചിത്വമിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ കെ സെന്‍കുമാര്‍ , തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീലേഖ എന്നിവര്‍ പങ്കെടുത്തു.

വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും. നിയമലംഘനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് കത്ത് വഴിയോ,  ഇമെയില്‍, വഴിയോ ശുചിത്വ മിഷനിലേക്ക് പരാതികള്‍ അറിയിക്കാം. വിലാസം ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, ജില്ലാ പഞ്ചായത്ത് ബില്‍ഡിങ്, പൈനാവ് പി.ഒ, കുയിലിമല ഫോണ്‍; 04862 232295.

Advertisment