Advertisment

അപകടത്തെത്തുടർന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു

author-image
neenu thodupuzha
New Update

കൊച്ചി: കോസ്റ്റ്ഗാര്‍ഡിന്റെ പരീശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു.

Advertisment

publive-image

രണ്ട് മണിക്കൂറിന് ശേഷമാണ് റണ്‍വേ തുറക്കാന്‍ കഴിഞ്ഞത്.ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബെംഗളൂരുവില്‍നിന്നും അഹമ്മദാബാദില്‍നിന്നുമുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു.

ഒമാന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനവും മാലിയില്‍നിന്നുള്ള ഒരു വിമാനവും വഴിതിരിച്ചുവിട്ടു. രണ്ട് മണിക്കൂറിനുശേഷം റണ്‍വേ തുറന്നതോടെ ആദ്യമായി പറന്നുയര്‍ന്നത് വിസ്താരയുടെ വിമാനമാണ്.

തൊട്ടുപിന്നാലെ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കി റണ്‍വേ സജ്ജമാക്കിയ ശേഷമാണ്‌ തുറക്കാനായത്.

ഉച്ചയ്ക്ക് 12.15നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ അപകടമുണ്ടായത്. സാങ്കേതിക തകറാറിനെത്തുടര്‍ന്ന് ഹെലിക്കോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു എന്നാണ് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പറയുന്നത്. മാര്‍ച്ച് എട്ടിന് ഇതേ കോപ്റ്റര്‍ മുംബൈ തീരത്തുവച്ച് അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്തിയശേഷമാണ് ഇന്ന് പരിശീലന പറക്കല്‍ നടത്താനൊരുങ്ങിയത്. അതിനിടെയാണ് വീണ്ടും അപകടമുണ്ടായത്.

അപകട സമയത്ത് മൂന്നുപേരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേര്‍ക്ക് കാര്യമായ പരിക്കുകളില്ല. മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടത്തെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ രണ്ട് മണിക്കൂറോളമാണ് അടയ്‌ക്കേണ്ടിവന്നത്. അതിനിടെ വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത് എന്ന വിവരവും പുറത്തുവരുന്നുണ്ട്. കോപ്റ്ററിന് കേടുപാട് സംഭവിച്ചുവെങ്കിലും തീപ്പിടിത്തമുണ്ടായില്ല.

Advertisment