നെടുങ്കണ്ടം: കുരുമുളക് സ്‌പ്രേ അടിച്ച് ദമ്പതികളെ മര്‍ദിച്ച് പണം അപഹരിച്ചതായി പരാതി. പാലാര്‍ സ്വദേശി പെരുംപുഴയില്‍ ശ്രീകുമാറിനും ഭാര്യ വിജിക്കുമാണ് മര്‍ദനമേറ്റത്. കുരുമുളക് സ്‌പ്രേ മുഖത്ത് അടിച്ചശേഷമായിരുന്നു മോഷണം.
34,000 രൂപയും മോഷ്ടാക്കള്‍ അപഹരിച്ചതായി ദമ്പതികൾ മൊഴി നല്‍കി. ശനിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്രീകുമാറിനെ ചിലര്‍ ആക്രമിക്കുകയായിരുന്നു.
വീടിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. ബഹളം കേട്ട് ഓടിയെത്തിയ ശ്രീകുമാറിന്റെ ഭാര്യ വിജിക്കും മര്‍ദ്ദനമേറ്റു. ശ്രീകുമാറിന്റെ കൈക്കും കാലിനും പരുക്കുണ്ട്.
വിജിയുടെ വയറില്‍ അക്രമികള്‍ ചവിട്ടുകയായിരുന്നു. എസ്.എച്ച്. ജിയില്‍നിന്നും വായ്പയെടുത്ത തുകയാണ് ആക്രമികള്‍ അപഹരിച്ചത്. പരുക്കേറ്റ ഇരുവരും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു.