മതിയായ തൂക്കമില്ല; അയ്യപ്പന്‍ കോവില്‍ പഞ്ചായത്തില്‍ വിതരണത്തിനെത്തിച്ച പോത്തിന്‍കിടാക്കളെ തിരിച്ചയച്ചു

author-image
neenu thodupuzha
New Update

ഉപ്പുതറ: അയ്യപ്പന്‍ കോവില്‍ പഞ്ചായത്തില്‍ വിതരണത്തിന് എത്തിച്ച പോത്തിന്‍കിടാക്കളെ തിരിച്ചയച്ചു. മതിയായ തൂക്കമില്ലെന്ന കാരണത്താല്‍ കര്‍ഷകര്‍ തിരിച്ചയച്ചതിനെ തുടര്‍ന്നാണ് നടപടി.

Advertisment

വ്യവസ്ഥകള്‍ പാലിക്കാതെ വിതരണത്തിന് എത്തിച്ച പോത്തിന്‍ കിടാക്കളെ കര്‍ഷകരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തിരിച്ചയച്ചത്. 16000 രൂപ വിലവരുന്ന പോത്തിന്‍കിടാക്കളെ 64 കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ 1020000 രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്.

ഇതിന്റെ ഗുണഭോക്താക്കളായി 21 പട്ടികജാതി കര്‍ഷകേരേയും , ജനറല്‍ വിഭാഗത്തില്‍ 43 കര്‍ഷകരേയും തെരഞ്ഞെടുക്കുകയും ചെയ്തു. ജനറല്‍ വിഭാഗം 50 ശതമാനവും, പട്ടികജാതി വിഭാഗം 25 ശതമാനവും ഗുണഭോക്തൃ വിഹിതം അടച്ചുവേണം പോത്തിന്‍കുട്ടിയെ വാങ്ങാന്‍. പഞ്ചായത്ത് അധികൃതര്‍ കോട്ടയം ചേനപ്പാടിയിലെ ഫാം സന്ദര്‍ശിച്ച് ഉടമ്പടിയും ഉണ്ടാക്കി.

publive-image

100 മുതല്‍ 120 വരെ തൂക്കമുള്ള പോത്തിന്‍ കിടാക്കളെ എത്തിക്കാനായിരുന്നു ഉടമ്പടി. എന്നാല്‍ ബുധനാഴ്ച കൊണ്ടുവന്ന 31 പോത്തിന്‍ കിടാക്കളില്‍ ഒരെണ്ണംപോലും വ്യവസ്ഥ അനുസരിച്ചുള്ളവ ആയിരുന്നില്ല. ഏറ്റവും വലിയ പോത്തിന്‍ കുട്ടിയുടെ തൂക്കം 88 കിലോ മാത്രമായിരുന്നു. മതിയായ ആരോഗ്യവും ഇല്ലെന്നു മനസിലാക്കി കര്‍ഷകര്‍ എതിര്‍ക്കുകയും ഏറ്റുവാങ്ങാന്‍ തയ്യാറായുമില്ല.

തുടര്‍ന്ന് പോത്തിന്‍ കിടാക്കളെ ഫാമിലേക്ക് തിരിച്ചയച്ച് അധികൃതര്‍ തടിയൂരി. 28 ന് മുന്‍പ് വ്യവസ്ഥയനുസരിച്ച് പോത്തിന്‍ കിടാക്കളെ വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലങ്കില്‍ പദ്ധതി തുക നഷ്ടമാകും. ഇതേ അവസ്ഥ തന്നെയാണ് 800 ഗുണഭോക്താക്കളുള്ള സൗജന്യ കോഴി വിതരണത്തിലും ഉണ്ടായിരിക്കുന്നത്.

ജില്ലയിലെ ഫാമുകളില്‍ നിന്നും കോഴികളെ വാങ്ങണം എന്നാണ് സര്‍ക്കാരിന്റേയും, മൃഗസംരക്ഷണ വകുപ്പിന്റെയും നിര്‍ദ്ദേശം. എന്നാല്‍ പോത്തിന്‍ കിടാക്കളെ ഏര്‍പ്പാടാക്കിയ ഉടമകള്‍ നടത്തുന്ന ഫാമുകളില്‍നിന്നും കോഴിയെ വാങ്ങണമെന്ന് പഞ്ചായത്ത് അധികൃതര്‍ നിഷ്‌ക്കര്‍ഷിച്ചു. എന്നാല്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടാകും എന്നതിനാല്‍ വെറ്ററിനറി സര്‍ജന്‍ ഇതിനു തയാറായില്ല. ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടാകാത്ത വിധം ആവശ്യമായ രേഖകള്‍ നല്‍കിയാല്‍ പഞ്ചായത്തിന്റെ നിര്‍ദ്ദേശം അംഗീകരിക്കാമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെയും പഞ്ചായത്തില്‍ നിന്നും ഒരു നടപടിയും ഉണ്ടായില്ല.

28 ന് മുന്‍പ് പദ്ധതി നടപ്പിലായില്ലങ്കില്‍ ഇതിന് അനുവദിച്ച ഫണ്ടും നഷ്ടമാകും. ഇങ്ങനെ നഷ്ടമാകുന്ന ഫണ്ടുകള്‍ വരുന്നവര്‍ഷം സ്പില്‍ ഓവറില്‍ പെടുത്തി അടുത്ത വര്‍ഷം കര്‍ഷകര്‍ക്ക് പോത്തിന്‍ കിടാക്കളെ നല്‍കുകയും ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ അറിയിച്ചു

Advertisment