ഇന്ത്യ കടുത്ത ചൂടില്‍; ആശങ്കാജനകമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍

author-image
neenu thodupuzha
New Update

ന്യൂഡല്‍ഹി: തീവ്ര ഉഷ്ണതരംഗങ്ങളുടെ പിടിയിലാണു രാജ്യമെന്നു കാലാവസ്ഥാപഠനം. ഇന്ത്യയിലെ ചൂട് മനുഷ്യന്റെ അതിജീവനപരിധിയുടെ പരമാവധിയിലേക്കടുന്നുവെന്നാണു പഠനം നടത്തിയ റീഡിങ് സര്‍വകലാശാലയിലെ കീറന്‍ ഹണ്ട് എന്ന ശാസ്ത്രജ്ഞന്‍ നല്‍കുന്ന സൂചന.

Advertisment

publive-image

1901 നു ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരിയാണ് ഇക്കൊല്ലം കടന്നുപോയത്. വരുന്ന ആഴ്ചകളിലും താപനില ഗണ്യമായി ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ നിലയത്തിന്റെ പ്രവചനം. കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ട റെക്കോഡ് ഉഷ്ണതരംഗം ആവര്‍ത്തിക്കുമെന്ന ആശങ്കയ്ക്കാണ് ഇതു വഴിവയ്ക്കുന്നത്. വ്യാപകമായ വിളനാശത്തിനും മണിക്കൂറുകളോളമുള്ള െവെദ്യുതി തടസത്തിനും കഴിഞ്ഞ വര്‍ഷത്തെ അത്യുഷ്ണം കാരണമായിരുന്നു.

താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന സാഹചര്യം ഒരുവിധത്തിലും ഇന്ത്യപോലെയുള്ള രാജ്യങ്ങള്‍ക്കു താങ്ങാനാവുന്നതല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

140 കോടി ജനസംഖ്യയുള്ള രാജ്യത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നിരവധി മേഖലകളാണുള്ളത്. വന്‍നഗരങ്ങളില്‍ കൂടുതല്‍ വായുസഞ്ചാരമുള്ള പാര്‍പ്പിടങ്ങളോ മതിയായ എയര്‍ കണ്ടീഷനിങ് സൗകര്യങ്ങളോ ഇല്ലാത്തതും ആശങ്ക പരത്തുന്നുണ്ട്.

താപനിലയുടെയും ഈര്‍പ്പത്തിന്റെയും സംയോജനമാണ് മനുഷ്യരില്‍ താപസമ്മര്‍ദ്ദം സൃഷ്ടിക്കുന്നതെന്ന് ഇന്ത്യന്‍ കാലാവസ്ഥയെക്കുറിച്ചു പഠിച്ചശേഷം കീറന്‍ ഹണ്ട് വ്യക്തമാക്കി. ചൂട് കൂടുതലുള്ള മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ പല പ്രദേശങ്ങളിലും ഈര്‍പ്പത്തിന്റെ സാന്നിധ്യം കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതുമൂലം ആളുകളെ വിയര്‍ക്കാനുള്ള സാധ്യത കുറയും. അതുകൊണ്ടാണ് വെറ്റ്-ബള്‍ബ് റീഡിങ്ങില്‍ ഇന്ത്യക്കാരുടെ ശരീരത്തിലെ താപസമ്മര്‍ദ്ദം ഉയര്‍ന്നതായി രേഖപ്പെടുത്താറുള്ളത്. വെറ്റ്-ബള്‍ബ് റീഡിങ് 35 ഡിഗ്രി സെല്‍ഷ്യസിനപ്പുറം ഉയരുന്ന ലോകത്തെ ആദ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന് ലോകബാങ്കിന്റെ നവംബര്‍ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ടായിരുന്നു.

ഇതു പെട്ടെന്നുണ്ടായ ദുരന്തമല്ലെന്നും സാവധാനത്തില്‍ സംഭവിച്ചതാണെന്നും റിപ്പോര്‍ട്ടിന്റെ രചയിതാക്കളില്‍ ഒരാളായ അഭസ് ഝാ പറഞ്ഞു.

ആഗോള താപനത്തിന്റെ കെടുതിയില്ലാത്ത ഒരു രാജ്യവുമില്ലെങ്കിലും ഇന്ത്യയില്‍ അതു കൂടുതലാകുന്നതിനു പല കാരണങ്ങളുണ്ട്. വ്യാവസായിക കാലഘട്ടത്തിനു ശേഷം രാജ്യത്തെ പശ്ചാത്തല താപനില ക്രമമായി വര്‍ധിച്ചുവരികയായിരുന്നെന്നു കീറന്‍ ഹണ്ട് പറയുന്നു. മറ്റെല്ലാം തുല്യമായിരിക്കുമ്പോഴും നൂറുവര്‍ഷം മുമ്പത്തെ അപേക്ഷിച്ച് താപനില മാത്രം 1.5 സെല്‍ഷ്യസ് കൂടിയത് അതുകൊണ്ടാണ്.

ചില നഗരങ്ങളിലെ അര്‍ബന്‍ ഹീറ്റ് ഐലന്‍ഡ് പ്രഭാവവും ചൂട് കൂടാന്‍ ഇടയാക്കി. വ്യാപകമായ വനനശീകരണമാണ് മറ്റൊരു കാരണം. ഇവയ്ക്കു പുറമേ സര്‍ക്കാര്‍ നയങ്ങളും കാലാവസ്ഥയുടെ പ്രത്യേകതകളും താപതരംഗത്തെ സ്വാധീനിക്കുന്നതായി ഹണ്ട് അഭിപ്രായപ്പെടുന്നു.

Advertisment