ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ 61 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി) തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള കണക്കാണിത്. അവരില്‍ ഭൂരിഭാഗവും (33) ഐ.ഐ.ടികളില്‍ നിന്നുള്ളവരാണ്, തൊട്ടുപിന്നാലെ എന്‍.ഐ.ടികള്‍ (24), ഐ.ഐ.എമ്മുകള്‍ (നാല്) എന്നിങ്ങനെ കണക്കുകള്‍ നീളുന്നു.
2018-ല്‍ 11, 2019-ല്‍ 16, 2020-ല്‍ അഞ്ച്, 2021-ല്‍ ഒമ്പത് എന്നിങ്ങനെ ആത്മഹത്യാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞു.ആത്മഹത്യയ്ക്കു പിന്നിലെ കാരണങ്ങളും അവ പരിഹരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന കോണ്‍ഗ്രസ് അംഗങ്ങളായ പ്രദ്യുത് ബര്‍ദോലോയ്, ഗൗരവ് ഗൊഗോയ്, ബെന്നി ബെഹനാന്‍, കെ മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അക്കാദമിക് സമ്മര്‍ദ്ദം, കുടുംബ പ്രശ്നങ്ങള്‍, വ്യക്തിപരമായ കാരണങ്ങള്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍ മുതലായവയാണ് അത്തരം പ്രശ്നങ്ങള്‍ക്കു പിന്നില്‍ തിരിച്ചറിഞ്ഞ കാരണങ്ങളില്‍ ഉള്‍പ്പെടുന്നതെന്നു സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി.) 2020-ല്‍ സ്ഥാപനങ്ങളിലെ സമ്മര്‍ദ്ദവും െവെകാരിക ക്രമീകരണങ്ങളും െകെകാര്യം ചെയ്യുന്നതിനുള്ള കൗണ്‍സിലിങ് സംവിധാനങ്ങള്‍ക്കുള്ള വ്യവസ്ഥകളുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമ്മര്‍ദം ലഘൂകരിക്കാനും മാനസികാരോഗ്യവും ഉയര്‍ത്താനും വര്‍ക്ക്ഷോപ്പുകളും/ സെമിനാറുകളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നു സര്‍ക്കാര്‍ പറഞ്ഞു.