അമ്പലപ്പുഴ: 11 വര്‍ഷമായി പുന്നപ്ര ശാന്തിഭവനില്‍ അന്തേവാസിയായി കഴിയുന്ന ബീഹാര്‍ സ്വദേശി മനോജ് സിങ്ങിനെ തേടി മകന്‍ അഭിഷേക് സിങ് ശാന്തിഭവനില്‍ എത്തി.
പുന്നപ്ര ശാന്തി ഭവനില്‍ കഴിയുന്ന ബീഹാര്‍ ചപ്ര സ്വദേശി മനോജ് സിങ്ങി(50)നെ കൂട്ടിക്കൊണ്ടുപോകാനായി മകന്‍ അഭിഷേക് സിങാണ് ശാന്തിഭവനില്‍ എത്തിയത്. മുെബെയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മനോജ് സിങ് 11വര്‍ഷങ്ങള്‍ക്കു മുന്‍പ് ബീഹാറിലേക്ക് ട്രെയിനില്‍ പോകുന്നതിനിടെ കാണാതാകുകയായിരുന്നു.
ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും വിവിധ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മനോജ് സിങ്ങിനെ കാണാതായ വിഷമത്തില്‍ കഴിഞ്ഞിരുന്ന ഭാര്യ വിഭാദേവി നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ മരണപ്പെട്ടു.
അന്ന് എട്ട് വയസു പ്രായം മാത്രമുണ്ടായിരുന്ന മകന്‍ അഭിഷേക് സിങ് ഇന്ന് ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ തയാറെടുപ്പിലാണ്. ഗാന്ധിഭവന്‍ പ്രവര്‍ത്തകരാണ് മനോജ് സിങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബീഹാര്‍ പോലീസില്‍ അറിയിച്ചത്.
പത്തില്‍ പഠിക്കുന്ന മകള്‍ സിമ്‌റാന് അന്ന് രണ്ട് വയസായിരുന്നു പ്രായം. എങ്ങനെ ശാന്തിഭവനില്‍ എത്തിയെന്ന് മനോജ് സിങ്ങിന് ഓര്‍മയില്ല.
ആലപ്പുഴയിലെ കടത്തിണ്ണയില്‍ അവശനായ നിലയില്‍ കണ്ട ഇദ്ദേഹത്തെ നാട്ടുകാരാണ് പുന്നപ്ര ശാന്തിഭവനില്‍ എത്തിച്ചത്. അഭിഷേകിനൊപ്പം മനോജ് സിങ്ങിന്റെ സഹോദരിയുടെ മകന്‍ വിഷാല്‍ സിങ്ങും ശാന്തിഭവനിലെത്തി ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.