ആലപ്പുഴ: ദേശീയപാത 66 വരിയായി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ഹരിപ്പാട് മാധവ ജങ്ഷന്‍ മുതല്‍ ഡാണാപ്പടി വരെയുള്ള പ്രദേശം, കരുവാറ്റ എന്നിവിടങ്ങളില്‍ പുതിയ റോഡിന്റെ ടാറിങ് പ്രവര്‍ത്തികള്‍ നടന്നുവരുകയാണ്. ജില്ലയില്‍ മൂന്ന് റീച്ചുകളായാണ് ദേശീയപാത വികസനം.
81 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ പാത നിര്‍മിക്കുന്നത്. 31 വില്ലേജുകളിലൂടെയാണിത് കടന്നു പോകുന്നത്. പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആഴ്ചതോറും ദേശീയ പാതാ നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തിവരികയാണ്. ആകെ ഏറ്റെടുക്കേണ്ട 106.14 ഹെക്ടര്‍ ഭൂമിയില്‍ 104.98 ഹെക്ടറും ഏറ്റെടുത്ത് കഴിഞ്ഞു.
ആകെ ഏറ്റെടുക്കേണ്ട ഭൂമിയുടെ 98.9 ശതമാനമാണിത്. ജില്ലയില്‍ 2930 കോടി രൂപയാണ് ആകെ നല്‍കേണ്ടത്. ഇതിന്റെ 99 ശതമാനം പണവും നഷ്ടപരിഹാരമായി വിതരണം ചെയ്തുകഴിഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപ അധികമായി ലഭിക്കും. റോഡ് വികസനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 4807 കെട്ടിടങ്ങളാണ് പൊളിച്ച് നീക്കേണ്ടത്. ഇതില്‍ 4717 കെട്ടിടങ്ങളും പൊളിച്ച് മാറ്റിക്കഴിഞ്ഞു.
ശേഷിക്കുന്ന 90 കെട്ടിടങ്ങള്‍ പൊളിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് ഒരു മാസത്തിനുള്ളില്‍തന്നെ പൂര്‍ത്തിയാക്കും. അരൂര്‍- തുറവൂര്‍ ആകാശ പാതയുടെ (ഹൈവേ) നിര്‍മാണത്തിനായി 60 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 47 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്.
ഈ പ്രദേശത്ത് മരം മുറിക്കുന്ന പ്രവൃത്തിയും ടെസ്റ്റ് െപെലിങ്ങും പുരോഗമിക്കുകയാണ്. 12.75 കിലോമീറ്ററാണ് അരൂര്‍- തുറവൂര്‍ ആകാശപാതയുടെ നീളം. പ്രാഥമികമായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ആലപ്പുഴ ബീച്ചില്‍ നിര്‍മിക്കുന്ന സമാന്തര െബെപാസ് പാലത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.
നിലവിലെ പാലത്തിന് പടിഞ്ഞാറുവശത്തായാണ് പുതിയ പാലം. രണ്ട് റെയില്‍വേ മേല്‍പ്പാലങ്ങളും മൂന്ന് അടിപ്പാതകളും ഉള്‍പ്പടെയാണ് പുതിയ പാലം നിര്‍മിക്കുന്നത്. മാളികമുക്കില്‍ രണ്ടും കുതിരപന്തിയില്‍ ഒന്നും വീതമാണ് അടിപ്പാതകള്‍ നിര്‍മിക്കുക. ദേശീയപാതയുടെ തുറവൂര്‍- പറവൂര്‍ റീച്ചില്‍ നല്‍കേണ്ടിയിരുന്ന 1174.34 കോടി രൂപയില്‍ 1174.24 കോടി രൂപയും വിതരണം ചെയ്തു. 1392 കെട്ടിടങ്ങളാണ് ഇവിടെ പൊളിച്ചുനീക്കിയത്. ഇനി 52 കെട്ടിടങ്ങള്‍ കൂടി പൊളിക്കാനുണ്ട്. പറവൂര്‍- കൊറ്റുകുളങ്ങര റീച്ചില്‍ നല്‍കേണ്ടിയിരുന്ന 1564.13 കോടിയില്‍ 1537.74 കോടിയും വിതരണം ചെയ്തു.
2888 കെട്ടിടങ്ങളാണ് ഇവിടെ പൊളിച്ച് നീക്കിയത്. ഇനി 29 കെട്ടിടങ്ങളാണ് ബാക്കിയുള്ളത്. കൊറ്റുകുളങ്ങര- ഓച്ചിറ റീച്ചില്‍ നല്‍കേണ്ടിയിരുന്ന 217.97 കോടിയില്‍ 99 ശതമാനം പണവും വിതരണം ചെയ്തു.
ഇവിടെ 437 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി. ഒന്‍പത് കെട്ടിടങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയ ഇടങ്ങളില്‍ ടെസ്റ്റ് െപെലിങ്, ഭൂമി നിരപ്പാക്കല്‍, സ്ലാബ് നിര്‍മാണം, സര്‍വീസ് റോഡ് നിര്‍മാണം, ഓട നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്.