വന്യമൃഗങ്ങളെ പേടിച്ച് നിറവയറോടെ ഏറുമാടത്തിൽ; ആരോഗ്യ മന്ത്രിയുടെ ഇടപെടലിൽ  തുടർ  ചികിത്സയ്ക്കായി പൊന്നമ്മ ആശുപത്രിയിൽ, ആവശ്യപ്രകാരം തിരികെ വനത്തിലേക്കും

author-image
neenu thodupuzha
New Update

സീതത്തോട്: ളാഹ വനമേഖലയിലെ ആദിവാസി ഊരില്‍ വന്യമൃഗങ്ങളെ പേടിച്ച് നിറവയറോടെ രാത്രി ഏറുമാടത്തില്‍ കഴിഞ്ഞ പൊന്നമ്മയെ തുടര്‍ചികിത്സയ്ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

എന്നാല്‍, ഇവരുടെ ആവശ്യത്തെത്തുടര്‍ന്ന് തിരികെ കൊണ്ടുവിട്ടു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരിട്ട് ഇടപെട്ട് വനിതശിശു വികസന വകുപ്പ്, ആരോഗ്യവകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയാണ് ഇതിനുള്ള നടപടി സ്വീകരിച്ചത്.

publive-image

ഇവരെ സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും വനിത ശിശുവികസന വകുപ്പിനും ആരോഗ്യ വകുപ്പിനും മന്ത്രി നിര്‍ദേശം നല്‍കി.

ചികിത്സയ്ക്കു ശേഷം പൊന്നമ്മയേയും മക്കളേയും ഗവ. മഹിളാ മന്ദിരത്തില്‍ താമസിപ്പിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അവരുടെ ആവശ്യപ്രകാരം ഊരിലേക്ക് തന്നെ വിട്ടയയ്ക്കുകയായിരുന്നു.

എട്ടുമാസം ഗര്‍ഭിണിയാണു പൊന്നമ്മ. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, വനിത സംരക്ഷണ ഓഫീസര്‍ എ. നിസ, റാന്നി അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ സ്മിത, അംഗന്‍വാടി വര്‍ക്കര്‍ എന്നിവര്‍ സീതത്തോട് ളാഹ അതിര്‍ത്തിയിലുള്ള രാജേന്ദ്രന്‍-പൊന്നമ്മ ദമ്പതികളുടെ താമസസ്ഥലത്ത് എത്തി.

ഇവര്‍ക്കൊപ്പം ആരോഗ്യപ്രവര്‍ത്തകരും ട്രൈബല്‍ ഓഫീസറും ദമ്പതികളോട് വിവരങ്ങള്‍ അന്വേഷിച്ചു. വനത്തില്‍ താമസിക്കുമ്പോഴുണ്ടാകുന്നതും ഏറുമാടത്തില്‍ കയറുന്നതിലുമുള്ള ബുദ്ധിമുട്ടുകള്‍  ദമ്പതികളെ ഇവര്‍ പറഞ്ഞു മനസിലാക്കി. പൊന്നമ്മയ്ക്ക് വിളര്‍ച്ച രോഗമുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊന്നമ്മയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് തുടര്‍ ചികിത്സയ്ക്കായി എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

ഞങ്ങള്‍ക്ക് അവിടെ എല്ലാ പരിചരണവും ലഭിക്കുന്നുണ്ട്, ദിവസവും പെരുനാട് പിഎച്ച്‌സിയില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വന്ന് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നുണ്ടെന്ന്  രാജേന്ദ്രന്‍ പറഞ്ഞു.

എട്ടു മാസം ഗര്‍ഭിണിയായ ഭാര്യ പൊന്നമ്മയ്ക്ക് പരിചരണം നല്‍കുന്നതില്‍ ഒരു കുറവും അവിടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വരുത്തിയിട്ടില്ല. ഏറുമാടത്തിലാണ് വര്‍ഷങ്ങളായി കഴിയുന്നത്. വന്യ മൃഗങ്ങളില്‍ നിന്നും രക്ഷ നേടുന്നതിന് ഏറുമാടത്തിന് ചുറ്റും വേലികെട്ടിത്തരണമെന്ന് പഞ്ചായത്ത് സമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ അത് ചെയ്ത് തരാമെന്നും പറഞ്ഞിട്ടുണ്ടെന്നും രാജേന്ദ്രന്‍ പറഞ്ഞു.

എട്ടുമാസം ഗര്‍ഭിണിയായ പൊന്നമ്മയ്ക്ക് മതിയായ ശുശ്രൂഷ ഉറപ്പാക്കാന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവര്‍ ആശുപത്രിയില്‍ കഴിയാന്‍ വിസമ്മതിച്ചു. പൊന്നമ്മയ്ക്ക് വിളര്‍ച്ച രോഗമുണ്ടെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

തങ്ങള്‍ക്ക് ഇപ്പോള്‍ ബുദ്ധിമുട്ടില്ലെന്നും വേണ്ടിവന്നാല്‍ പിന്നീട് വരാമെന്നും പറഞ്ഞ് അവര്‍ ളാഹയിലേക്ക് മടങ്ങുകയായിരുന്നു. റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ആംബുലന്‍സില്‍ തന്നെ കുടുംബത്തെ വ്യാഴാഴ്ച വൈകിട്ടോടെ ളാഹയിലെത്തിച്ചു.

പൊന്നമ്മയുടെ ഏഴാമത്തെ പ്രസവമാണിത്. ആദ്യ നാല് തവണയും കുട്ടികള്‍ മരിച്ചു. പിന്നീട് രണ്ട് പ്രസവത്തിലായി രണ്ടു കുട്ടികളുണ്ട്. മക്കളായ രാജമാണിക്യം (6), രാജമണി (4) എന്നിവരും ഇവര്‍ക്കൊപ്പം ഏറുമാടത്തിലാണ് കഴിഞ്ഞിരുന്നത്.

Advertisment