കസ്തൂരി കടത്ത്: പ്രതികള്‍ റിമാന്‍ഡില്‍; ലക്ഷ്യം വിദേശത്തേയ്ക്ക് കടത്തല്‍, വനംവകുപ്പ് കസ്റ്റഡി അപേക്ഷ നല്‍കും

author-image
neenu thodupuzha
New Update

കൊച്ചി: നെടുമ്പാശേരിയില്‍ 20 ലക്ഷത്തോളം രൂപ വിലവരുന്ന കസ്തൂരിയുമായി പിടിയിലായ വിനോദ്, സുല്‍ഫി, ശിവജി, അബൂബക്കര്‍ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. അടുത്തദിവസം വനംവകുപ്പ് കസ്റ്റഡി അപേക്ഷ നല്‍കും.

Advertisment

ഇടനിലക്കാര്‍ വഴി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ചെങ്ങമനാട് പുത്തന്‍തോട് ഭാഗത്തെ വീട്ടില്‍വച്ചു വനംവകുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡ് പിടികൂടിയത്.

കസ്തൂരി വാങ്ങാനും വില്‍ക്കാനും  എത്തിയവരോടൊപ്പം ഇടനിലക്കാരനുമാണു അറസ്റ്റിലായത്. വിദേശത്തേയ്ക്കു കടത്താനായി എത്തിച്ചതാണെന്നാണു സംശയം.

അതേസമയം,  കസ്തൂരിയാണെന്നു തങ്ങള്‍ക്കു അറിവില്ലെന്നാണ് പ്രതികൾ പറഞ്ഞത്.  പ്രതികളുടെ മൊഴി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല.

publive-image

കസ്തൂരി പരിശോധിക്കാന്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിലേയ്ക്കു അയയ്ക്കുമെന്നു വനംവകുപ്പു വൃത്തങ്ങള്‍ പറഞ്ഞു. സുഗന്ധദ്രവ്യ നിര്‍മാണത്തിലെ ഏറ്റവും വിലപിടിപ്പുള്ള അസംസ്‌കൃത വസ്തുവായിട്ടാണു കസ്തൂരിയെ കണക്കാക്കുന്നത്.

വന്യജീവി സംരക്ഷണ നിയമം 1972 ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചു വരുന്ന മൃഗമാണു കസ്തൂരി മാന്‍. ഇതിനെ വേട്ടയാടി കൊന്നാണു കസ്തൂരി ശേഖരിക്കുന്നത്. ഇതു മൂന്നുവര്‍ഷം മുതല്‍ എട്ടുവര്‍ഷം വരെ തടവുലഭിക്കുന്ന കുറ്റകൃത്യമാണ്.

കസ്തൂരിമാനിന്റെ സുഗന്ധം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണു കസ്തൂരി എന്നറിയപ്പെടുന്നത്. പ്രായപൂര്‍ത്തിയായ ആണ്‍പേടയുടെ വയറിന്റെ ഭാഗത്താണ് ഈ ഗ്രന്ഥി കാണപ്പെടുന്നത്.

Advertisment