ചെങ്ങന്നൂര്‍: രാത്രിയില്‍ ആളില്ലാത്ത വീട്ടില്‍ കയറി അക്രമം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍. നൂറ്റവന്‍പാറ കളത്രമോടിയില്‍ അനന്തുവേണു(ബിനീഷ്-25)വിനെയാണ് അറസ്റ്റ് ചെയ്തത്.
85 ദിവസമായി ഒളിവില്‍ കഴിഞ്ഞ ഇയാളെ സി.ഐ: എ.സി.വിപിന്റെ നേതൃത്വത്തിലുള്ള സംഘം തകഴിയിലെ ബന്ധുവീട്ടില്‍ നിന്നും പിടികൂടിയത്.
കഴിഞ്ഞ ജനുവരി അഞ്ചിന് രാത്രി നൂറ്റവന്‍പാറ വടക്കേചരുവില്‍ എന്‍. ബാലകൃഷ്ണ(65)ന്റെ വീട്ടിലാണ് ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയത്. ടി.വി, ഡിഷ് ആന്റിന, ഫാന്‍, വൈദ്യുതി മീറ്റര്‍ എന്നിവയും വീട്ടുപകരണങ്ങളും അടിച്ചു തകര്‍ത്തിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം അര്‍ബുദ രോഗിയായ ബാലകൃഷ്ണന്‍ ഒറ്റയ്ക്കായിരുന്നു താമസം. പരസഹായം ആവശ്യമുള്ളതിനാല്‍ സഹോദരങ്ങളുടെ വീടുകളില്‍ മാറി മാറി താമസിച്ചുവരികയായിരുന്നു.
സംഭവ ദിവസം രാത്രി സഹോദരിയുടെ വീട്ടിലായിരുന്നു ബാലകൃഷ്ണന്‍. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. വീടിന്റെ പുറംഭിത്തിയിലെ വൈദ്യുതി മീറ്റര്‍ അടിച്ചു തകര്‍ത്ത നിലയിലായിരുന്നു.
വീടിന്റെ പിന്നിലെ വാതിലിന്റെ കതക് ഇളക്കി മാറ്റി പാത്രങ്ങള്‍, ടി.വി, ടേബിള്‍ ഫാന്‍ എന്നിവ തകര്‍ത്തു. ഡിഷ് ആന്റിനയും വളച്ചൊടിച്ച നിലയിലായിരുന്നു. കേബിളും നശിപ്പിച്ചു.
തൊണ്ടയില്‍ അര്‍ബുദ രോഗം ഗുരതരമായതോടെ സംസാരശേഷി പോലുമില്ലാതെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലകൃഷ്ണന്‍ കഴിഞ്ഞ ഫെബ്രുവരി 20ന് മരിച്ചു.
പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ മുങ്ങി നടന്നതിനാല്‍ പോലീസിന്റെ തുടര്‍ അന്വേഷണവും വഴി മുട്ടിയിരുന്നു. എസ്.ഐ: എം.സി.അഭിലാഷ്, സീനിയര്‍ സി.പി.ഒ ശ്രീകുമാര്‍, സി.പി.ഒ സ്വരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.