മലപ്പുറം: മലപ്പുറത്തെ വാഴക്കാട് വീടിൻ്റെ ടെറസിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചെറുവട്ടൂർ നരോത്ത് മൊയ്തീൻ്റെ ഭാര്യ നജ്മുന്നിസയാണ് മരിച്ചത്.
ഭർതൃവീടിൻ്റെ ടെറസിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. നജ്മുന്നിസയുടെ ഭർത്താവ് മൊയ്തീനാണ് വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചത്.
ഇവരുടെ ബാഗും ചെരിപ്പും സമീപത്തെ അടച്ചിട്ട വീടിനു മുന്നിൽനിന്ന് കണ്ടെത്തി. മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മൃതദേഹത്തിന് അരികിലായി മുളകുപൊടിയുടെ കവറും കണ്ടെത്തി.
അതേസമയം നജ്മുന്നിസയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം പോലീസിൽ പരാതി നൽകി. നജ്മുന്നിസ രാവിലെ സ്വന്തം വീട്ടിലേക്ക് പോയെന്നും അലാറം കേട്ട് മുകളിൽ പോയി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടതെന്നും ഭർത്താവ് മൊയ്തീൻ പോലീസിനു മൊഴി നൽകി.
വാഴക്കാട് പോലീസ്, ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസ്, കൊണ്ടോട്ടി എഎസ്പി വിജയ് ഭരത് റെഡി ഐപിഎസ്, വാഴക്കാട് എസ്ഐ ഷാഹുൽ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലം പരിശോധിച്ചു. സംഭവത്തിൽ വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനൽകും.