തൃശൂര്‍: റേഷന്‍ ഇ പോസ് (ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയില്‍) സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. സോഫ്റ്റ്‌വേറിന്റെ പുതിയ വേര്‍ഷനിലേക്കുള്ള മാറ്റം ഉടനുണ്ടാകും.
ഇ പോസ് മെഷീനുകള്‍ ബന്ധിപ്പിച്ച ആധാര്‍ അധിഷ്ഠിത പൊതുവിതരണ സംവിധാനത്തിന്റെ (എ.ഇ.പി.ഡി.എസ്.) സോഫ്റ്റ്‌വേറിലെ ഏറ്റവും പുതിയ വേര്‍ഷനിലേക്കാണു മാറ്റം.
2017ലെ വേര്‍ഷനാണ് കേരളം ഇപ്പോള്‍ ഉപയോഗിക്കുന്നത്. തുടര്‍ച്ചയായുള്ള സാങ്കേതിക തകരാറുകള്‍ക്കു കാരണം ഇതാണെന്നാണ് ഹൈദരാബാദില്‍നിന്ന് കേരളത്തിലെത്തി പരിശോധന നടത്തിയ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി) വിദഗ്ധരുടെ വിലയിരുത്തല്‍.
പുതിയ വേര്‍ഷനിലേക്കുമാറാന്‍ തടസമായിരുന്നത് സെര്‍വറിന്റെ ഇന്റര്‍നെറ്റ് സേവനദാതാവായിരുന്ന ബി.എസ്.എന്‍.എല്ലിന്റെ ബാന്‍ഡ്‌വിഡ്ത്തിലെ ശേഷിക്കുറവാണ്. ഇതു പരിഹരിച്ചു 100 എം.ബി./സെക്കന്‍ഡ് ശേഷിയിലേക്ക് ഉയര്‍ത്തി.
എന്‍.ഐ.സി. ഹൈദരാബാദിലേയും കേരളത്തിലെ ഐടി, ഭക്ഷ്യപൊതുവിതരണ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥര്‍ ഓണ്‍െലെനായി യോഗം ചേര്‍ന്ന് നടപടിക്ക് അന്തിമരൂപരേഖയുണ്ടാക്കി.
ഇ-പോസ് സംവിധാനത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്നു സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയിലായിരുന്നു. ഇതുസംബന്ധിച്ച് റേഷന്‍ വ്യാപാരികളും സര്‍ക്കാരും പരസ്പരം കുറ്റപ്പെടുത്തുന്ന സ്ഥിതിയായിരുന്നു.റേഷന്‍ കടകളിലെ ഇ പോസ് മെഷീനുകളുടെ കാര്യത്തിലും പ്രധാന നടപടികള്‍ക്കുതുടക്കമിട്ടു.
14,500 റേഷന്‍ കടകളിലെ ഇ പോസ് മെഷീനുകളുടെ പരിശോധന വിഷന്‍ടെക് കമ്പനി ആരംഭിച്ചു. മെഷീനില്‍ നിലവിലുള്ള സിം കാര്‍ഡ് ഉപയോഗിക്കാനും മറ്റ് െവെെഫെ കണക്ഷനുകളുടെ ഉപയോഗം ഒഴിവാക്കാനുമായി മെഷീന്‍ സീല്‍ ചെയ്യും.
മറ്റ് കണക്ഷനുകളില്‍ നിന്നുള്ള ഡേറ്റ ഷെയര്‍ ചെയ്ത് ഇ പോസ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ അത്തരം കണക്ഷനുകളിലേക്കു വരുന്ന ഫോണ്‍ കോളുകളും വാട്‌സാപ് സന്ദേശങ്ങളും മറ്റും സംവിധാനത്തെ തകരാറിലാക്കുന്നതായാണ് കണ്ടെത്തല്‍.
റേഷന്‍ കാര്‍ഡ് ഉടമകള്‍ പുതിയ ഫോണ്‍നമ്പര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ പ്രത്യേക ഡ്രൈവും ആരംഭിക്കും. വാങ്ങിയ റേഷന്‍ സാധനങ്ങളുടെ ബില്ലും വിവരങ്ങളും എസ്.എം.എസ്. ആയി ലഭിക്കുന്നതിനും സംവിധാനമുണ്ടാക്കും. ഇ പോസ് മെഷീനില്‍ ബയോമെട്രിക് സംവിധാനം പരാജയപ്പെടുന്ന അവസരത്തില്‍ ഒ.ടി.പി. ഉപയോഗിച്ച് റേഷന്‍വിതരണം നടത്താനാകും.