കോവിഡ് വ്യാപനം: മുന്‍കരുതലുകൾ  ശക്തമാക്കണമെന്ന് ഐ.എം.എ.

author-image
neenu thodupuzha
New Update

കൊച്ചി: ഇടവേളയ്ക്കുശേഷം കോവിഡ് വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍ മുന്‍കരുതല്‍ ശക്തമാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കൊച്ചി ഘടകം.

Advertisment

വായു സഞ്ചാരമില്ലാത്ത അടഞ്ഞ മുറികളിലുള്ള ഒത്തുചേരലുകള്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്നും അനുബന്ധരോഗമുള്ളവരും പ്രായം ചെന്നവരും ഇത്തരം സാഹചര്യങ്ങളില്‍പ്പെടാതെ സൂക്ഷിക്കണമെന്നും ഐ.എം.എ. കൊച്ചി പ്രസിഡന്റ് ഡോ.എസ്. ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ.ജോര്‍ജ് തുകലന്‍, സയന്റിഫിക്ക് അെഡെ്വസര്‍ ഡോ.രാജീവ് ജയദേവന്‍ എന്നിവര്‍ പറഞ്ഞു.

publive-image Coronavirus. COVID-19. 3D Render

ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപശാഖയായ എക്‌സ്.ബി.ബി. 1.16 രാജ്യത്തു വ്യാപിക്കുന്നതായാണ് വ്യക്തമായിരിക്കുന്നത്. രോഗലക്ഷണമില്ലാതെയും കോവിഡ് കണ്ടുവരുന്നുണ്ട്.

രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുന്നുണ്ടെങ്കിലും മിക്കവര്‍ക്കും ഗുരുതരമാകുന്നില്ല. വീട്ടില്‍തന്നെ ചികിത്സിക്കാവുന്ന രോഗബാധയാണ് അധികവും.

നിരന്തരമുള്ള ജനിതക മാറ്റങ്ങള്‍ ഈ വൈറസിന്റെ രീതിയാണ്. മുമ്പു രോഗം വന്നുപോയവരിലും വാക്‌സിന്‍, ബൂസ്റ്റര്‍ ഡോസ് എന്നിവ എടുത്തവരിലും രോഗബാധയുണ്ടാകാന്‍ ഇതുമൂലം സാധ്യതയുണ്ട്. വാക്‌സിന്‍ എടുത്തവരില്‍ രോഗമുണ്ടായാലും ഗുരുതര രോഗസാധ്യത വളരെ കുറവാണ്.

പ്രായംചെന്നവര്‍, ഗുരുതരമായ അനുബന്ധ രോഗമുള്ളവര്‍ എന്നിവരില്‍ കോവിഡ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും സമാനമായ അവസ്ഥയാണുള്ളത്. പനി, ജലദോഷം, തലവേദന, ശരീരവേദന മുതലായവയുള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന സാധ്യമല്ല.

ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ രോഗബാധിതര്‍ സമൂഹത്തിലുണ്ടാകും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐ.എം.എ. ഭാരവാഹികള്‍ പറഞ്ഞു.

Advertisment