കൊച്ചി: കോവിഡ് വ്യാപനം ഇടവിട്ട് സമൂഹത്തിലുണ്ടാകുമെന്നു ആരോഗ്യവിദഗ്ധര്‍. ഇപ്പോള്‍ വ്യാപിക്കുന്നത് ഒമിക്രോണ്‍ വകഭേദങ്ങളാണെന്നും വയോധികരിലാണ് രോഗം ഗുരുതരമാകുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കി.
പതിയെ കുറയുകയും ഇടവേളയ്ക്കു ശേഷം വീണ്ടും വ്യാപിക്കുകയും ചെയ്യുന്ന ചാക്രിക സ്വഭാവമാണ് കോവിഡിനുള്ളതെന്ന് കോവിഡ് രോഗവിദഗ്ധന്‍ ഡോ. രാജീവ് ജയദേവന്‍ ചൂണ്ടിക്കാട്ടി. വ്യാപിച്ചുവരുന്ന ഒമിക്രോണ്‍ വകഭേദം ദീര്‍ഘനാളായി നിലനിന്നുവരുന്നതാണ്.
ഒമിക്രോണ്‍ പൊതുവേ മരണകാരണമാകുന്നില്ലെങ്കിലും വയോജനങ്ങളും മറ്റു രോഗങ്ങളുള്ളവരും ജാഗ്രതപുലര്‍ത്തണം. ഒമിക്രോണിന് ഇതുവരെ 600 ല്‍പരം ഉപവകഭേദങ്ങളുണ്ടായിട്ടുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു.
എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാണ് പുതിയ കോവിഡ് കേസുകള്‍ കൂടിവരുന്നത്. ഒരിക്കല്‍ രോഗം പിടിപെട്ടവര്‍ക്ക് വീണ്ടും രോഗം കണ്ടുവരുന്നത് സാധാരണമായി.
ഇത്തരത്തിലുള്ളവരുടെ ആരോഗ്യം ക്ഷയിക്കാനിടയുണ്ടെന്ന് നേച്ചര്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി പഠനത്തില്‍ വ്യക്തമാക്കുന്നു.