എടത്വാ: നെല്ല് ലോഡിങ് തൊഴിലാളികള്‍ക്ക് ചാരായം വില്‍ക്കുന്നതിനിടെ രണ്ടുപേര്‍ പോലീസ് പിടിയില്‍.
ആനപ്രമ്പാല്‍ പടിഞ്ഞാറെ പറമ്പില്‍ സതീഷ് (35), കോട്ടയം പരുത്തുംപാറ കുഴിമറ്റോം കുളങ്ങര കളത്തില്‍ റോബിന്‍ (33) എന്നിവരാണ് എടത്വാ പോലീസിന്റെ പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് എ.കെ.ജി. ജങ്ഷന് സമീപം പോളേപ്പറമ്പ് ക്ഷേത്ര റോഡില്‍ വെച്ച് മൂന്ന് ലിറ്റര്‍ ചാരായവുമായാണ് ഇരുവരും പിടിയിലായത്.
പോലീസിനെ കണ്ട് സതീഷും റോബിനും ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. സതീഷ് പതിനഞ്ചോളം കേസില്‍ പ്രതിയും നാലുമാസം മുന്‍പ് കാപ്പ ചുമത്തി നാടുകടത്തിയ വ്യക്തിയുമാണ്.
റോബിന്‍ മറ്റൊരു കേസില്‍ പ്രതിയാണ്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തില്‍ ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവരേയും റിമാന്‍ഡ് ചെയ്തു.
എടത്വാ സി.ഐ അനന്ദാബാബു, എസ്.ഐ മഹേഷ്, എ.എസ്.ഐ സജികുമാര്‍, സീനിയര്‍ സി.പി.ഒ. സുനില്‍, സി.പിഒമാരായ ജസ്റ്റിന്‍, ഇര്‍ഷാദ് എന്നിവര്‍ അന്വഷണത്തിന് നേതൃത്വം നല്‍കി.