കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസില്‍ അജ്ഞാതൻ തീ കൊളുത്തിയ സംഭവത്തിലെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ ദൃക്സാക്ഷികള്‍.
രണ്ട് കുപ്പി പെട്രോളുമായാണ് ചുവന്ന ഷര്‍ട്ട് ധരിച്ച് തൊപ്പി വച്ചയാള്‍ ട്രെയിനില്‍ കയറിയത്. തീകൊളുത്തുന്നതിന് മുമ്പ് ഒരു തര്‍ക്കവും കംപാര്‍ട്ട്മെന്റില്‍ നടന്നിട്ടില്ല. പെട്രോള്‍ നിറച്ച് കുപ്പി യാത്രക്കാരുടെ മേല്‍ തളിക്കുകയും പിന്നാലെ തീകൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
തീപടര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായി. അക്രമി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയത് പാലത്തിന് മുകളിലായതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു. ആരെയെങ്കിലും പ്രത്യേകം ലക്ഷ്യമിട്ടാണ് അക്രമി എത്തിയതെന്ന് കരുതുന്നില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാനസീക വൈകല്യമുള്ളയാളാണോ പ്രതിയെന്നും സംശയിക്കുന്നുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട് ഏലത്തൂര്‍ പാലത്തില്‍ വച്ചാണ് ആക്രമണം നടന്നത്. പൊള്ളലേറ്റ അഞ്ചു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്നു പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊള്ളലേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.