ഇടുക്കി: വാത്തിക്കുടിയിൽ കുടുംബ വഴക്കിനിടെ ഭാര്യയുടെ അമ്മയെ കോടാലി കൊണ്ട് അടിച്ച് കൊന്ന കേസിലെ പ്രതിയായ സുധീഷിനെ പിടികൂടിയത് പോലീസിന്‍റെ കൃത്യമായ പദ്ധതിയിൽ.
ആക്രമണത്തിന് ശേഷം സുധീഷ് ഷർട്ട് പോലുമില്ലാതെയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. മൊബൈൽ ഫോണും ഇയാൾ ഉപേക്ഷിച്ചു. ഷർട്ടിടാതെ രക്ഷപെട്ടതിനാൽ അധിക ദൂരം പോകില്ലെന്ന് പോലീസിന് ഉറപ്പായിരുന്നു. അതിനാൽ ഇയാളുടെ പണിക്കൻ കുടിയിലെ വീടും ബന്ധുവീടുകളും പോലീസ് നിരീക്ഷണത്തിലായിരുന്നു.
കർശന പരിശോധനയിൽ ഒളിവിലിരുന്ന പ്രതി പിടിയിലാകുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പതിനൊന്നു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം നടന്ന വാത്തിക്കുടിയിലെ ഭാര്യ വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കോടാലി കട്ടിലിനടിയിൽ നിന്നും പ്രതി കാണിച്ചുകൊടുത്തു.
കുടുംബ വഴക്കിനിടെയാണ് ഭാര്യാ മാതാവിനെ ഇയാൾ ഇന്നലെ കൊലപ്പെടുത്തിയത്. മദ്യപിച്ച് എത്തിയാണ് സുധീഷ് ആക്രമണം നടത്തിയത്. കോടാലി കൊണ്ടുള്ള വെട്ടേറ്റ് രാജമ്മ സംഭവ സ്ഥലത്തു തന്നെ മരിച്ചു.തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാസ്കരന്റെ നില ഗുരുതരമാണ്.
വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവുമെത്തി തെളിവുകൾ ശേഖരിച്ചു. സുധീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.