ചടയമംഗലം: കൊല്ലം ചടയമംഗലത്ത് 53 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ചിതറ സ്വദേശി ഫെബിമോന്‍, നെയ്യാറ്റിന്‍കര സ്വദേശി ഷൈന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഫെബിമോന്‍ മുമ്പ് 80 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കാറില്‍ പ്രത്യേകം അറകള്‍ ഉണ്ടാക്കിയായിരുന്നു പ്രതികളുടെ കഞ്ചാവ് കടത്ത്. കൊല്ലം റൂറല്‍ പോലീസിന്റെ ഡാന്‍സാഫ് ടീമും ചടയമംഗലം പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി നിലമേല്‍ വച്ചാണ് കഞ്ചാവ് പിടികൂടിയത്. ഒറീസയില്‍ നിന്നാണ് പ്രതികള്‍ കഞ്ചാവ് വില്‍പ്പനയ്‌ക്കെത്തിച്ചത്. ഇവരുടെ കാറില്‍ നിന്നും വിവിധ സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെത്തി.
പിടിയിലാകുമ്പോള്‍ പ്രതികള്‍ കൊട്ടാരക്കര സ്വദേശിയുടെ പേരിലുള്ള വാഹനത്തിന്റെ നമ്പറാണ് ഉപയോഗിച്ചിരുന്നത്. കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീം തിരുവനന്തപുരം മുതല്‍ കാര്‍ പിന്തുടരുകയായിരുന്നു.
നിലമേലില്‍ എത്തിയപ്പോള്‍ ചടയമംഗലം പൊലീസിന്റെ സഹായത്തോടെ വാഹനം വളഞ്ഞ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.