രാമപുരം: ചിറകണ്ടത്ത് മോഷ്ടാക്കള്‍ കെട്ടിട നിര്‍മ്മാണ ഉപകരണങ്ങള്‍ മോഷ്ടിച്ചു. മണക്കാട്ടുമറ്റത്തില്‍ ജോയിയുടെ ഒന്നേകാല്‍ ലക്ഷത്തോളം വിലവരുന്ന കെട്ടിട നിര്‍മ്മാണ സാമഗ്രികളാണ് മോഷണം പോയത്.
കോണ്‍ട്രാക്ടറായ ജോയി, ചിറകണ്ടത്തുള്ള നെല്ലംകുഴിയില്‍ ജോര്‍ജിന്റെ പുരയിടത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കുന്നതിനായി ഇറക്കിയ ജാക്കി സ്പാന്‍, സ്റ്റിറപ്പ് എന്നിവയാണ് മോഷണം പോയത്.
പലയിടങ്ങളിലെ സി.സി.ടിവി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 24ന് രാത്രി 10.50നും 25ന് രാവിലെ 3.45 നും ഇടയിലാണ് മോഷണം നടന്നത്. പിക്ക് അപ്പ് വാനില്‍ എത്തിയവരാണ് മോഷണം നടത്തിയത്.
മൂന്ന് മാസം മുന്‍പ് ചിറകണ്ടം ഭാഗത്ത് ഉരുളുപടവില്‍ ബെന്നി എന്ന ആളുടെ ജെ.സി.ബി., ഹിറ്റാച്ചി റിപ്പയറിംഗ് വര്‍ക്ക്‌ഷോപ്പില്‍ നിന്നും സമാനമായ രീതിയില്‍ ഒന്നരലക്ഷം രൂപയോളം വരുന്ന ഉപകരണങ്ങള്‍ മോഷണം പോയിരുന്നു.
തുടര്‍ച്ചയായി രാമപുരം പഞ്ചായത്തില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിട്ടും ഇതുവരെ അധികാരികള്‍ യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല.