പാലാ: കടപ്പാട്ടൂരില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. കടപ്പാട്ടൂര്‍ ക്ഷേത്രത്തിന് സമീപം ബൈപ്പാസ് റോഡിലാണ് സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമായിരിക്കുന്നത്.
രാത്രി ഇവിടെ നിന്നിരുന്ന തണല്‍മരം നടപ്പാതയിലേക്ക് വെട്ടിയിട്ട ശേഷം പൂച്ചയെ കഴുത്തില്‍ കുരുക്കിട്ട് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെതിരെ നാട്ടുകാരില്‍ നിന്ന് വ്യാപക പരാതിയും പ്രതിഷേധവും ശക്തമാണ്.
കടപ്പാട്ടൂര്‍-പന്ത്രണ്ടാം മൈൽ ബൈപ്പാസ് റോഡില്‍ കടപ്പാട്ടൂര്‍ പാലം ജങ്ഷനില്‍ പുലര്‍ച്ചെ നടക്കാനിറങ്ങിയ യാത്രക്കാരാണ് സംഭവം ആദ്യം കാണുന്നത്. ഓട്ടോ സ്റ്റാന്‍ഡിന് സമീപം ക്ഷേത്രത്തിന്റെ പറമ്പില്‍ നട്ടുവളര്‍ത്തിയിരുന്നു മാവ് ഉള്‍പ്പെടെയുള്ള ഫലവൃക്ഷെത്തെകളും ഇവര്‍ നശിപ്പിച്ചു.
പാലം ജങ്ഷനിലുള്ള സംഘമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് ആരോപണമുണ്ട്. ചിലര്‍ പുലര്‍ച്ചെ മുതല്‍ മദ്യലഹരിയിലാണന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
മദ്യലഹരിയില്‍ കാല്‍നടയാത്രക്കാരെയും വിദ്യാര്‍ത്ഥികളെയും അസഭ്യം പറയുന്നതും പതിവാണ്. പരസ്യ മദ്യപാനവും മദ്യത്തിന്റെ അനധികൃത വില്‍പനയും നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. പാര്‍ക്കിങ്ങിനെത്തുന്നവരെ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ഓടിക്കുന്നതും പതിവാണ്.